| Tuesday, 2nd April 2024, 10:20 am

ഷാനിന്റെ ആ ഗെറ്റപ്പ്; ലുക്ക് ടെസ്റ്റ് കഴിഞ്ഞ് വന്ന അവനെ കണ്ട എല്ലാവരും അന്ന് പൊട്ടിചിരിച്ചു: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കൂട്ടുക്കെട്ടാണ് ഷാന്‍ റഹ്‌മാന്‍ – വിനീത് ശ്രീനിവാസന്‍ കൂട്ടുക്കെട്ട്. വിനീതിന്റെ വരാനിരിക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ ഷാനും ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ടീസറില്‍ സിനിമയിലെ ഷാന്‍ റഹ്‌മാന്റെ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഷാനിന്റെ ആ ലുക്കിനെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

തന്റെ സിനിമയിലൂടെ ഷാന്‍ റഹ്‌മാനെ വളരെ വ്യത്യസ്തമായ ഒരു ലുക്കില്‍ കാണാന്‍ കഴിയുമെന്ന് ഉറപ്പായിരുന്നു എന്നാണ് വിനീത് പറയുന്നത്. റോണക്‌സായിരുന്നു ഷാനിനെ മേക്കപ്പ് ചെയ്തതെന്നും പുതിയ ഒരു ഷാനിനെ കാണാന്‍ പറ്റുമെന്ന് തനിക്ക് അറിയാമായിരുന്നെങ്കിലും ഇങ്ങനെയൊരു ലുക്ക് പ്രതീക്ഷിച്ചില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

‘ഷാനിനെ വളരെ വ്യത്യസ്തമായ ഒരു ലുക്കില്‍ കാണാന്‍ പറ്റുമെന്ന് ഉറപ്പായിരുന്നു. റോണക്‌സായിരുന്നു മേക്കപ്പ് ചെയ്തത്. ഷാനില്‍ റോണക്‌സിന്റെ വര്‍ക്ക് കഴിയുമ്പോള്‍ പുതിയ ഷാനിനെ കാണാന്‍ പറ്റുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ ഇങ്ങനെ ലുക്ക് ഞാന്‍ പ്രതീക്ഷിച്ചില്ല.

മേക്കോവറിന്റെ ലുക്ക് ടെസ്റ്റ് കഴിഞ്ഞ് ഷാന്‍ ഇറങ്ങി വന്നപ്പോള്‍ അവനെ കണ്ട ഉടനെ ഞങ്ങളൊക്കെ പൊട്ടിചിരിച്ചു. അത് കണ്ടിട്ട് എന്താടാ അത്രയും മോശമാണോ എന്നാണ് ഷാന്‍ അപ്പോള്‍ ചോദിച്ചത്. ഇല്ല, ഗംഭീരമായിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇതിനേക്കാള്‍ ഇനി നന്നാവാന്‍ ഇല്ലെന്നും പറഞ്ഞു.

ആ ലുക്ക് എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. പിന്നെ ഷാനിന്റെ കൂടെ ഞാന്‍ ഒരുപാട് സമയം ചെലവഴിച്ചിട്ടുള്ളത് കൊണ്ട് അവന് ചെയ്യാന്‍ പറ്റുന്ന കുറേ കാര്യങ്ങള്‍ എന്റെ തലയില്‍ ഉണ്ടായിരുന്നു. അത് ഈ കഥാപാത്രത്തിന് ചേരുന്നതായിരുന്നു. ആ കാര്യങ്ങള്‍ ഷാന്‍ സിനിമയില്‍ രസമായി ചെയ്തിട്ടുമുണ്ട്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍ – ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ നായകന്മാരായി എത്തുന്ന ചിത്രത്തില്‍ ഷാന്‍ റഹ്‌മാന്‍ ഉള്‍പ്പെടെയുള്ള വലിയ താരനിര തന്നെയുണ്ട്.


Content Highlight: Vineeth Sreenivasan Talks About Shan’s Makeover

Latest Stories

We use cookies to give you the best possible experience. Learn more