|

ആവേശത്തിന്റെ ടീസര്‍ കണ്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ ടീസറില്‍ ആ മാറ്റം വരുത്തിയത്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണവ് മോഹന്‍ലാല്‍ – ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ നായകന്മാരായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഇത്.

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തില്‍ മലയാളത്തിലെ യുവ താരനിരയാണ് അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാലിനും ധ്യാന്‍ ശ്രീനിവാസനും പുറമെ ഷാന്‍ റഹ്‌മാനും സിനിമയില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ടീസറില്‍ ഷാന്‍ റഹ്‌മാനെ കാണിക്കുന്നത് റീ ബ്രാന്‍ഡിങ് എന്ന ടാഗോടെയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിമി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇ തിനെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍.

‘ഞങ്ങള്‍ സത്യത്തില്‍ റീ ഇന്‍ട്രഡ്യൂസിങ് ഷാന്‍ റഹ്‌മാന്‍ എന്ന് കൊടുക്കാനായിരുന്നു കരുതിയത്. അപ്പോഴാണ് ആവേശത്തിന്റെ ടീസര്‍ വരുന്നത്. അതില്‍ റീ ഇന്‍ട്രഡ്യൂസിങ് ഫഫാ എന്നായിരുന്നു അവര്‍ കൊടുത്തത്.

അപ്പോള്‍ പിന്നെ അത് നമ്മള്‍ ആവര്‍ത്തിക്കുന്നത് മോശമല്ലേ. പകരം എന്ത് ചെയ്യാമെന്ന ഡിസ്‌കഷന്‍ വന്നു. ഷാനിനെ പൊതുവെ മ്യൂസിക് ഡയറക്ടര്‍ എന്ന ബ്രാന്‍ഡിലാണല്ലോ ആളുകള്‍ക്ക് അറിയുന്നത്. അതുകൊണ്ട് റീ ബ്രാന്‍ഡിങ് ഇട്ടാലോ എന്ന് ചിന്തിക്കുകയായിരുന്നു,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ഷാന്‍ റഹ്‌മാന്‍ സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ വിമര്‍ശിക്കുന്ന ആളല്ലെന്നും വളരെ ആസ്വദിച്ചു കൊണ്ട് കഥ കേള്‍ക്കുന്ന ആളാണെന്നും അഭിമുഖത്തില്‍ വിനീത് പറയുന്നു.

‘കഥ കേള്‍ക്കുമ്പോള്‍ വിമര്‍ശിക്കുന്ന ആളല്ല ഷാന്‍ റഹ്‌മാന്‍. അവന്‍ വളരെ ആസ്വദിച്ചു കൊണ്ട് കഥ കേള്‍ക്കുന്ന ആളാണ്. വിമര്‍ശനം വേണമെങ്കില്‍ ഷാനിന്റെ അടുത്ത് പോയിട്ട് കാര്യമില്ല. എന്നാല്‍ എന്താണ് ഓഡിയന്‍സിന്റെ മുന്നില്‍ വര്‍ക്കാകുകയെന്ന് ഷാനിനോട് ചോദിക്കാം.

കഥയിലെ ഹ്യൂമര്‍ കേട്ട് ഷാന്‍ ചിരിച്ചാല്‍ ഓഡിയന്‍സ് ചിരിക്കുമെന്ന കണക്കുകൂട്ടല്‍ നമുക്ക് ഉണ്ടാകും. അവന്‍ വളരെ ആസ്വദിച്ചു കൊണ്ട് കഥ കേള്‍ക്കുന്ന ആളാണ്. അപ്പോള്‍ പോസിറ്റീവ് ആയിരിക്കും അവന്‍ കൂടുതല്‍ എന്‍ജോയ് ചെയ്യുക. എന്നാല്‍ നമുക്ക് നെഗറ്റീവ് ആയ കാര്യങ്ങള്‍ കൂടെ നോക്കുന്ന ആള് വേണല്ലോ,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Vineeth Sreenivasan Talks About Shan Rahman’s intro In Varshangalku Shesham