'ബോക്‌സ് ഓഫീസിന്‍ തോഴാ തിരികെ നീ വാടാ'യെന്ന് എഴുതിയത് ശരിക്കും നിവിനെ കുറിച്ചാണോ? മറുപടിയുമായി വിനീത് ശ്രീനിവാസന്‍
Entertainment
'ബോക്‌സ് ഓഫീസിന്‍ തോഴാ തിരികെ നീ വാടാ'യെന്ന് എഴുതിയത് ശരിക്കും നിവിനെ കുറിച്ചാണോ? മറുപടിയുമായി വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th April 2024, 9:47 am

മലയാളത്തില്‍ ഏറെ ആരാധകരുള്ള ആക്ടര്‍ – ഡയറക്ടര്‍ കോമ്പോയാണ് നിവിന്‍ പോളി – വിനീത് ശ്രീനിവാസന്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. നിവിന്‍ പോളിയുടെ ആദ്യ സിനിമയായിരുന്നു ഇത്.

ശേഷം ഇരുവരും ഒന്നിച്ച തട്ടത്തിന്‍ മറയത്ത്, ജേക്കബിന്റെ സ്വര്‍ഗരാജ്യം, വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങളെല്ലാം വലിയ വിജയമായ സിനിമകളായിരുന്നു. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.

ഹൃദയത്തിന് ശേഷം വിനീത് ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് നായകന്‍. ഇതില്‍ അതിഥി വേഷത്തിലാണ് നിവിന്‍ പോളി എത്തുന്നത്. ഈയിടെയായിരുന്നു ചിത്രത്തിലെ ‘പ്യാര മേരാ വീരാ’ എന്ന ഗാനം പുറത്തിറങ്ങിയിരുന്നത്.

വിനീത് തന്നെയായിരുന്നു ഇതിന് വരികള്‍ എഴുതിയത്. ഈ ഗാനം ശരിക്കും നിവിനെ കുറിച്ച് എഴുതിയതാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിനീത് ശ്രീനിവാസന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സിനിമയില്‍ ഒരു പെര്‍ട്ടികുലര്‍ ഏരിയയുണ്ട്. അപ്പോള്‍ നിവിന്‍ ആ കഥാപാത്രം ചെയ്യുന്നു എന്ന് തീരുമാനിച്ച സമയത്ത്, ആ ഏരിയ വരുമ്പോള്‍ ഈ പാട്ട് ഉണ്ടെങ്കില്‍ ആ സിറ്റുവേഷന് ആപ്റ്റാകുമെന്ന് തോന്നി. പിന്നെ കുറേ നാളുകള്‍ കഴിഞ്ഞാണ് നിവിനെ എന്റെ സിനിമയില്‍ എനിക്ക് കിട്ടുന്നത്. അപ്പോള്‍ അത് സെലിബ്രേറ്റ് ചെയ്യാമെന്ന് കരുതി,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.


ഈ സിനിമ നിവിന്‍ പോളിയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവാകുമോ എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്റെ തിരിച്ചു വരവാകട്ടെ എന്നായിരുന്നു വിനീതിന്റെ മറുപടി.

ഉദയനാണ് താരമെന്ന സിനിമ കഴിഞ്ഞ് നില്‍ക്കുന്ന സമയം തൊട്ട് തനിക്ക് സിനിമക്കുള്ളിലെ സിനിമയെ കുറിച്ച് പറയുന്ന കഥ പറയാന്‍ പറ്റുമോ എന്ന ചിന്ത ഉണ്ടായിരുന്നുവെന്നും താരം അഭിമുഖത്തില്‍ പറയുന്നു.

‘ഉദയനാണ് താരമെന്ന സിനിമ കഴിഞ്ഞ് നില്‍ക്കുന്ന സമയം തൊട്ട് എനിക്ക് ഇതുപോലെ സിനിമക്കുള്ളിലെ സിനിമയെ കുറിച്ച് പറയുന്ന കഥ പറയാന്‍ പറ്റുമോ എന്ന ചിന്ത ഉണ്ടായിരുന്നു. കാരണം സിനിമ നമുക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമാണല്ലോ.

ആ സിനിമയില്‍ ഒരു ഷോട്ടുണ്ട്. മഴയില്‍ കുടയും പിടിച്ച് രണ്ട് കുട്ടികള്‍ നടന്നു പോകുന്നത്. ആ സമയത്ത് അച്ഛന്റെ കഥാപാത്രം കയറി വരുന്ന ഷോട്ടുമുണ്ട്. സിനിമയുടെ പ്രോസസ് കാണിച്ചു കൊണ്ടുള്ള സീനൊക്കെയുണ്ട്. അത് കാണുമ്പോള്‍ നല്ല രസമുണ്ടല്ലോയെന്ന് തോന്നിയിരുന്നു.

ബിഹൈന്‍ഡ് ദ സീന്‍ ഒരു സിനിമയില്‍ കാണിക്കുമ്പോള്‍ നല്ല രസമുണ്ടല്ലോയെന്നും തോന്നി. ഉദയനാണ് താരം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് രണ്ട് കൂട്ടുകാര്‍ സിനിമയില്‍ അവസരം തേടി പോകുന്നത് പോലെയുള്ള കഥ ആലോചിച്ചാലോ എന്ന ചിന്ത വരുന്നത്.


Content Highlight: Vineeth Sreenivasan Talks About Pyara Mera Veera Song In Varshangalkku Shesham