| Friday, 5th April 2024, 6:31 pm

പ്രിയദര്‍ശന്‍ - വിനീത് ചിത്രം; അങ്ങനെയൊരു പ്രൊജക്റ്റിനെ കുറിച്ച് എന്നോട് ആരും പറഞ്ഞിട്ടില്ല: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. താരത്തിന്റെ ചിത്രങ്ങള്‍ക്കായി സിനിമാ പ്രേമികള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. വിനീതിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.

ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍, നിവിന്‍ പോളി എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്.

ഇതിനിടയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് വിനീത് തിരക്കഥയൊരുക്കുന്ന ഒരു സിനിമ വരുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു പ്രൊജക്റ്റ് ഇല്ലെന്ന് പറയുകയാണ് വിനീത്.

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. അങ്ങനെയൊരു സിനിമ നടക്കുകയാണെങ്കില്‍ നല്ലതാണെന്നും താന്‍ ഒന്നിനും എതിരില്ലെന്നും വിനീത് പറയുന്നു.

‘ഇല്ല. അങ്ങനെയൊരു പ്രൊജക്റ്റ് ഇല്ല. എന്റെയടുത്ത് ആരും പറഞ്ഞിട്ടില്ല. ഇതൊക്കെ നടക്കുകയാണെങ്കില്‍ നല്ലതാണ്. ഞാന്‍ ഒന്നിനും എതിരില്ല. എല്ലാത്തിനും റെഡിയാണ് ഞാന്‍,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അഭിമുഖത്തില്‍ ആനന്ദം സിനിമയെ കുറിച്ചും താരം സംസാരിച്ചു. ആ സിനിമ തിയേറ്ററില്‍ എത്തിയ സമയത്ത് തിയേറ്റര്‍ സ്ട്രൈക്ക് ആയിരുന്നുവെന്നും പുതിയ റിലീസ് ഉണ്ടാവാതിരുന്നത് കൊണ്ട് ആനന്ദം നൂറ് ദിവസം ഓടിയെന്നും വിനീത് പറയുന്നു.

‘ആനന്ദം സിനിമയുടെ സമയത്ത് തിയേറ്റര്‍ സ്ട്രൈക്ക് ആയിരുന്നു. അതുകൊണ്ട് പുതിയ റിലീസ് ഒന്നും ഉണ്ടാകില്ലെന്ന് പറഞ്ഞു. എന്നാല്‍ ആനന്ദം നൂറ് ദിവസം ഓടി. ആ സിനിമ നൂറ് ദിവസം ഓടിച്ചു എന്നു വേണം പറയാന്‍.

ആ സമയത്ത് തിയേറ്ററില്‍ വേറെ പടങ്ങള്‍ ഉണ്ടായിരുന്നില്ല. രണ്ടോ മൂന്നോ പടങ്ങളായിരുന്നു തിയേറ്റര്‍ സ്ട്രൈക്കിന് റിലീസ് ചെയ്തിരുന്നത്. പുതിയ പടങ്ങള്‍ റിലീസ് ഇല്ലാത്ത സമയം ആയത് കൊണ്ടാകണം ആനന്ദം കുറേ ദിവസം ഓടി,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Vineeth Sreenivasan Talks About Priyadarshan Movie

We use cookies to give you the best possible experience. Learn more