മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. വിനീതിന്റെ പാട്ടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. താരവും ഷാന്‍ റഹ്‌മാനും ഒന്നിക്കുന്ന പാട്ടുകള്‍ ഇഷ്ടപ്പെടുന്നവരും ധാരാളമുണ്ട്. വിനീത് വരികളെഴുതി ഷാന്‍ റഹ്‌മാന്റെ മ്യൂസിക്കില്‍ ഒരുങ്ങിയ ഗാനമായിരുന്നു ‘പലവട്ടം കാത്തുനിന്നു ഞാന്‍’.
2008ല്‍ പുറത്തിറങ്ങിയ കോഫി അറ്റ് എം.ജി റോഡ് എന്ന ആല്‍ബത്തിലെ ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഗാനം സംവിധാനം ചെയ്തതും ആലപിച്ചതും വിനീത് തന്നെയായിരുന്നു. ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ആ ഗാനം എഴുതിയതിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.
‘അന്ന് കോഴിക്കോട് എനിക്ക് ഒരു സ്റ്റേജ് ഷോ ഉണ്ടായിരുന്നു. ആ സ്റ്റേജ് ഷോ കഴിഞ്ഞിട്ട് തിളച്ച തിളപ്പില്‍ ഞാന്‍ നേരെ ഷാനിന്റെ വീട്ടിലേക്ക് ചെല്ലുന്നത്. അവന്‍ ആ സമയം ഒരു റിധം ഉണ്ടാക്കിയിട്ട് നില്‍ക്കുകയാണ്.
ഞാന്‍ അവിടെ ചെന്നതും അവനോട് ഷോ അടിപൊളിയായിരുന്നു ഷാനേ എന്ന് പറഞ്ഞു. ആ സമയത്ത് അവന്‍ ‘ഞാന്‍ ഒരു റിധം ഉണ്ടാക്കിയിട്ടുണ്ട് നീ കേട്ട് നോക്കൂ’വെന്ന് പറഞ്ഞു. രണ്ടുപേരും ആ അഡ്രിനാലിലാണ് നില്‍ക്കുന്നത്.
അങ്ങനെ അതിലെ റിധം ഷാന്‍ എന്നെ കേള്‍പ്പിച്ചു. അത് എങ്ങനെയുണ്ടെന്ന് അവന്‍ ചോദിച്ചതും, പൊളിയാണ്, നമുക്ക് ഇപ്പോള്‍ തന്നെ ഇരിക്കാമെന്ന് ഞാന്‍ പറഞ്ഞു. ഷാന്‍, അവന്‍ ട്യൂണ്‍ പാടാം ലിറിക്‌സ് എന്നോട് എഴുതാന്‍ ആവശ്യപ്പെട്ടു.
ഷാന്‍ അവിടുന്ന് ബി.ജി.എം മൂളുമ്പോള്‍ ഞാന്‍ അടുത്തിരുന്ന് ആ പാട്ടിന് വരികള്‍ എഴുതി. അങ്ങനെ സ്‌പോട്ടില്‍ ഉണ്ടായ പാട്ടാണ് പലവട്ടം കാത്തുനിന്നു ഞാന്‍,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Vineeth Sreenivasan Talks About Palavattam kaathu Ninnu Njan Song