ഗായകനായി തന്റെ കരിയര്‍ തുടങ്ങിയ താരമാണ് വിനീത് ശ്രീനിവാസന്‍. ഇന്ന് മലയാളത്തിലെ ഒരു ഹിറ്റ് മേക്കര്‍ സംവിധായകനും നടനും നിര്‍മാതാവുമെല്ലാമാണ് അദ്ദേഹം. ഏറ്റവും ഒടുവില്‍ വിനീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രവും തിയേറ്ററില്‍ ശ്രദ്ധ നേടിയിരുന്നു.
വിനീത് ശ്രീനിവാസന്‍ ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്. ഒട്ടനവധി പുതുമുഖങ്ങളെ മലയാളത്തിന് വിനീത് മലര്‍വാടിയിലൂടെ സമ്മാനിച്ചിട്ടുണ്ട്. അതില്‍ പ്രധാനിയാണ് നിവിന്‍ പോളി. മലയാളത്തിലെ ഇന്നത്തെ മുന്‍നിര യുവ താരങ്ങളില്‍ ഒരാളായി മാറാന്‍ നിവിന്‍ പോളിക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ് വിനീതിപ്പോള്‍.
നിവിന്‍ പോളി നായകനായ പ്രേമം എന്ന ചിത്രത്തില്‍ നിവിന്‍ ചെയ്യുന്ന റിയാക്ഷനുകള്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ലെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. വേറെ ആരെങ്കിലും ചെയ്തിരുന്നെങ്കില്‍ അത് ക്രിഞ്ച് ആയിട്ടായിരിക്കും തോന്നുകയെന്നും എന്നാല്‍ നിവിന്‍ പോളി ചെയ്യുന്നത് കാണാന്‍ നല്ല രസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പ്രേമം സിനിമയില്‍ സായി ഇപ്പുറത്ത് നിന്ന് നോക്കുമ്പോള്‍ കണ്ണ് മുകളിലേക്കാക്കിയിട്ടുള്ള നിവിന്റെ ഒരു റീയാക്ഷനുണ്ട്. അതൊക്കെ വേറൊരാള്‍ക്ക് കാണാത്തൊരു റിയാക്ഷന്‍ ആണ്. വേറെ ആരെങ്കിലും ചെയ്തിരുന്നെങ്കില്‍ അത് ക്രിഞ്ച് ആയിട്ടായിരിക്കും നമുക്ക് തോന്നുക.
ആ റിയാക്ഷനുകളൊന്നും നമ്മള്‍ വേറൊരാള്‍ക്ക് കാണാത്തതാണ്. എത്ര റീമേക്ക് വന്നാലും അവന്‍ ചെയ്യുമ്പോഴുള്ള ആ ഭംഗി കിട്ടില്ല. പ്രേമം സിനിമയിലുള്ള നിവിന്റെ അങ്ങനെ കുറേ ക്യൂട്ട് ആയിട്ടുള്ള ആക്ഷനുകളുണ്ട്. ഇങ്ങനെ അവനു മാത്രം ചെയ്യാം കഴിയുന്ന കുറെ സിഗ്‌നേച്ചര്‍ സാധങ്ങളുണ്ട്,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.