ദര്‍ശന എന്ന പാട്ട് പുറത്തിറങ്ങിയതോട് കൂടി പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ അണിയിച്ചൊരുക്കുന്ന ‘ഹൃദയം’ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
സിനിമയുടെ വിശേഷങ്ങള്‍ പറയുകയാണ് ഇപ്പോള്‍ നായിക ദര്‍ശന രാജേന്ദ്രനും സംവിധായകന്‍ വിനീത് ശ്രീനിവാസനും. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബും ആര്‍.ജെ മാത്തുക്കുട്ടിയുമൊത്ത് നടത്തിയ സൗഹൃദ ചര്‍ച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു ഇരുവരും. കല്യാണി പ്രിയദര്‍ശനെ സിനിമയില്‍ നിന്ന് സൈഡാക്കിയോ എന്ന മാത്തുക്കുട്ടിയുടെ ചോദ്യത്തിനാണ് ഇരുവരും രസകരമായ മറുപടി നല്‍കുന്നത്.
‘ദര്‍ശന സോങ് എന്ന് പറഞ്ഞിട്ടാണ് ഹൃദയത്തിലെ ആദ്യത്തെ പാട്ട് തന്നെ വരുന്നത്, പക്ഷേ സിനിമയെക്കുറിച്ച് ആദ്യം പറഞ്ഞ് കേട്ടത് കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും ഒരുമിച്ചുള്ള സിനിമയെന്നാണ്. നിങ്ങള്‍ കല്യാണിയെ സൈഡ് ആക്കിയോ’ എന്ന മാത്തുക്കുട്ടിയുടെ ചോദ്യത്തിനായിരുന്നു ദര്‍ശനയും വിനീതും മറുപടി പറഞ്ഞത്.
”അയ്യോ, ഒരിക്കലുമില്ല. വെറുതെ ഓരോന്ന് പറയണ്ട. ഞങ്ങള്‍ നല്ല ഹാപ്പി ആയിട്ട് ഇരിക്കാണ്. നിങ്ങള് വെറുതെ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കരുത്,” ദര്‍ശന ചിരിച്ചുകൊണ്ട് പറഞ്ഞു.
”പണ്ട് ഓസ്‌ട്രേലിയന്‍ ടീം ക്രിക്കറ്റ് കളിക്കുമ്പോള്‍ മൈക്കല്‍ ബെവനെ നമ്മള്‍ ആദ്യം ഇറക്കില്ല. ഒരു നാലാമതോ അഞ്ചാമതോ ആയിട്ടേ ഗ്രൗണ്ടില്‍ ഇറക്കൂ. ഞങ്ങടെ മൈക്കല്‍ ബെവനാണ് കല്യാണി. മെല്ലെ വരും,” എന്നായിരുന്നു വിനീതിന്റെ രസകരമായ മറുപടി.
‘എനിക്ക് തോന്നുന്നു വിനീതേട്ടന്‍ ഈ ഉത്തരം പറയാന്‍ വേണ്ടി മാത്രം കാത്തിരിക്കുകയായിരുന്നു’ എന്ന് മാത്തുക്കുട്ടി പറഞ്ഞപ്പോള്‍ ‘നീ ഇത് ചോദിക്കും എന്നെനിക്കറിയാമായിരുന്നു’ എന്നായിരുന്നു വിനീതിന്റെ മറുപടി.
ഹൃദയം സിനിമയില്‍ എത്തിയതിനെക്കുറിച്ചും സെറ്റിലെ അനുഭവങ്ങളെക്കുറിച്ചും ദര്‍ശന വീഡിയോയില്‍ സംസാരിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Vineeth Sreenivasan talks about Kalyani Priyadarshan in Hridayam movie