2016ല്‍ പുറത്തിറങ്ങി ഏറെ വിജയമായ ചിത്രമായിരുന്നു ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു നായകനായത്. തട്ടത്തിന് മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിരുന്നു ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം.
നിവിന് പുറമെ രണ്‍ജി പണിക്കര്‍, ലക്ഷ്മി രാമകൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഐമ സെബാസ്റ്റ്യന്‍, സ്റ്റെസന്‍ വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, സായ് കുമാര്‍, അജു വര്‍ഗീസ്, റീബ മോണിക്ക ജോണ്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
ഈ സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ തനിക്ക് ഏറ്റവും വലിയ മോട്ടിവേഷന്‍ തന്ന പാട്ടുകളില്‍ ഒന്നായിരുന്നു ജോബ് കുര്യന്റെ പദയാത്ര എന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ എനിക്ക് ഏറ്റവും വലിയ മോട്ടിവേഷന്‍ തന്ന പാട്ടുകളില്‍ ഒന്നായിരുന്നു പദയാത്ര. ആ പാട്ട് ഞാന്‍ ലൂപ്പിലിട്ട് പ്ലേ ചെയ്തതിന് കണക്കില്ല. ഞാന്‍ എന്ന എഴുത്തുക്കാരന്‍ ഡൗണാവുന്ന സമയത്ത് പദയാത്ര കേട്ടായിരുന്നു ബാക്കി എഴുതിയിരുന്നത്.
അന്ന് ജോബിന്റെ കൂടെ ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യണമെന്ന് ഞാന്‍ മനസില്‍ തീരുമാനിച്ചതായിരുന്നു. ഈ കാര്യം ജോബിനോട് പറയുകയും ചെയ്തു. ജോബേ, എന്റെ സിനിമയില്‍ നീ മ്യൂസിക്ക് ചെയ്താല്‍ കൊള്ളാമെന്നുണ്ട് എന്ന്.
അടുത്ത സിനിമയില്‍ തന്നെ വേണമെന്നല്ല. എന്നെങ്കിലും ഒരു കാലത്ത് ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അവന്‍ ചെയ്തുവെച്ച ഏതെങ്കിലും പാട്ട് എന്റെ സിനിമയില്‍ എടുക്കുന്നതില്‍ കുഴപ്പമില്ല, സിനിമക്ക് വേണ്ടി വര്‍ക്ക് ചെയ്യാന്‍ പ്രയാസമാണ് എന്നായിരുന്നു അവന്റെ മറുപടി.
എനിക്ക് അന്ന് ഒരു കാര്യം മനസിലായി, അവന്റെ ഏറ്റവും വലിയ കംഫര്‍ട്ട് സോണ്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കാണ്. അതിന് ശേഷം ഞാന്‍ അവനോട് ഈ കാര്യം പറയാന്‍ പോയിട്ടില്ല,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Vineeth Sreenivasan Talks About Job Kurian’s Padayatra Song