ധ്യാന്‍ വന്നതോടെ എല്ലാം കയ്യില്‍ നിന്നും പോയി; ഇപ്പോള്‍ ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്‌: വിനീത് ശ്രീനിവാസന്‍
Entertainment
ധ്യാന്‍ വന്നതോടെ എല്ലാം കയ്യില്‍ നിന്നും പോയി; ഇപ്പോള്‍ ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്‌: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th April 2024, 9:58 am

വിനീത് ശ്രീനിവാസന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്താന്‍ ഒരുങ്ങുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് നായകനായി എത്തുന്നത്.

ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. പ്രണവിന് പുറമെ വന്‍ താരനിര തന്നെയാണ് ഈ ചിത്രത്തിലുള്ളത്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തില്‍ ഹൈപ്പ് ക്രീയേറ്റ് ചെയ്യാന്‍ വലിയ പേടിയാണെന്നും ഹൈപ്പ് കൊടുക്കാതെ വേണം ട്രെയിലര്‍ കട്ട് ചെയ്യാനെന്ന് താന്‍ തീരുമാനിക്കുകയായിരുന്നെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇത്രയും വലിയ സ്റ്റാര്‍ കാസ്റ്റുകള്‍ ഉള്ള സിനിമ വരുമ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ എക്‌സ്‌പെറ്റേഷന്‍ ഉണ്ടാവില്ലേയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിനീത്. അണ്‍ഫില്‍ട്ടേര്‍ഡ് ബൈ അപര്‍ണക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍.

‘കഴിഞ്ഞ ദിവസം മുതല്‍ ധ്യാന്‍ ഇന്റര്‍വ്യൂകള്‍ക്ക് വന്നതോടെ ഹൈപ്പ് ലോ ആക്കി വെക്കുകയെന്ന സാധനം ഞങ്ങളുടെ കയ്യില്‍ നിന്ന് പോയി. കഴിഞ്ഞ ദിവസത്തെ അവന്റെ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ തന്നെ പടം കാണാന്‍ കാത്തിരിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടുള്ള മെസേജുകള്‍ നമുക്ക് വരുന്നുണ്ട്.

അവന്‍ വന്ന് ഒരു പൊളി പൊളിച്ച് പോയതിന്റെ ശേഷം ഇനി ഒന്നും പറയാനില്ല. ആളുകള്‍ വരട്ടെ കാണട്ടെയെന്നേയുള്ളു. നമ്മള്‍ അതുവരെ അധികം പ്രൊമോഷണല്‍ കണ്ടന്റ് ഒന്നും കൊടുത്തിരുന്നില്ല. സിനിമയിലെ പാട്ടുകളുടെ വിഷ്വല്‍ പോലും അധികം പുറത്ത് വിട്ടിട്ടില്ല. ആകെ ഒരു സിനിമയുടെ വിഷ്വല്‍ മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്.

ടീസറില്‍ ഒന്നും റിവീല്‍ ചെയ്തിട്ടില്ല. ട്രെയിലറില്‍ ഒരാളുടെ ആംഗിളില്‍ ഉള്ള കാര്യം മാത്രമാണ് പറഞ്ഞിട്ടുള്ളത്. നിവിന്റെ പാട്ട് പോലും ലിറിക് വീഡിയോ മാത്രമാണ് വന്നത്. അധികം പുഷ് ചെയ്യേണ്ട എന്ന് കരുതി ഇരിക്കുമ്പോഴാണ് അവന്‍ വന്നത്, കൂടെ ബേസിലും,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും ധ്യാന്‍ ശ്രീനിവാസനും പുറമെ അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്.

വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ചിത്രം 2024 ഏപ്രില്‍ 11നാണ് തീയേറ്ററുകളില്‍ എത്തുന്നത്. ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് വിശാഖ് സുബ്രമണ്യനാണ്.


Content Highlight: Vineeth Sreenivasan Talks About Interviews Of Dhyan Sreenivasan