ഹൃദയത്തിലെ ആ പാട്ട് ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ അപ്പുവില്‍ ലാലങ്കിളിന്റെ സിമിലാരിറ്റി തോന്നി: വിനീത് ശ്രീനിവാസന്‍
Entertainment
ഹൃദയത്തിലെ ആ പാട്ട് ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ അപ്പുവില്‍ ലാലങ്കിളിന്റെ സിമിലാരിറ്റി തോന്നി: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th March 2024, 11:47 am

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് നായകനായി എത്തുന്നത്.

ചിത്രത്തിന്റെ ടീസറില്‍ പ്രണവിനെ കണ്ട പ്രേക്ഷകര്‍ മോഹന്‍ലാലുമായി താരതമ്യപ്പെടുത്തിയിരുന്നു. പ്രണവ് കുറേ കാര്യങ്ങളില്‍ മോഹന്‍ലാലിനെ പോലെ തന്നെയാണെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍.

കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തങ്ങള്‍ ഹൃദയം സിനിമയുടെ പാട്ട് സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് പ്രണവിന്റെ ബിഹേവിയറ് കണ്ട് അത് സിനിമയില്‍ വന്നാല്‍ നന്നാകുമെന്ന് തോന്നിയിരുന്നെന്നും വിനീത് പറയുന്നു.

‘ഞങ്ങള്‍ ഹൃദയത്തില്‍ പുതിയൊരു ലോകം എന്ന ഒരു പാട്ട് ഷൂട്ട് ചെയ്തിരുന്നു. അന്ന് പത്തോ പതിനഞ്ചോ ആളുകള്‍ പോയിട്ടാണ് ആ പാട്ട് ഷൂട്ട് ചെയ്തത്. അതിന്റെ ഷൂട്ട് തീരാറായ സമയത്ത് അപ്പുവിനെ ഒന്ന് ഒറ്റക്ക് കിട്ടി.

അപ്പോള്‍ അവന്‍ നമ്മളുടെ അടുത്ത് നില്‍ക്കുമ്പോള്‍ ഉള്ള ബിഹേവിയറ് കണ്ടപ്പോള്‍ അങ്ങനെ സിനിമയില്‍ വന്നാല്‍ നന്നാകുമെന്ന് തോന്നി. അന്ന് അപ്പുവില്‍ ലാലങ്കിളിന്റെ സിമിലാരിറ്റി തോന്നിയിരുന്നു. സത്യത്തില്‍ അപ്പുവിന്റെ മറ്റൊരു സൈഡാണ് അത്. അവന്‍ കുറേ കാര്യങ്ങളില്‍ ലാലങ്കിളിനെ പോലെ തന്നെയാണ്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

പ്രണവിന്റെ അങ്കിള്‍ ഒരു തവണ തന്റെ വീട്ടില്‍ വന്നിരുന്നെന്നും അന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ടീസര്‍ അദ്ദേഹം കണ്ടിരുന്നെന്നും വിനീത് അഭിമുഖത്തില്‍ പറയുന്നു.

‘അപ്പുവിന്റെ അങ്കിളായ മോഹന്‍ ചേട്ടന്‍ ഒരിക്കല്‍ വീട്ടില്‍ വന്നു. അപ്പോള്‍ ഞാന്‍ സിനിമയുടെ ടീസര്‍ കട്ട് ചെയ്ത് കഴിഞ്ഞിരുന്നു. അന്ന് ഞാന്‍ ചേട്ടന് ടീസര്‍ കാണിച്ചു കൊടുത്തു.

അദ്ദേഹം ടീസര്‍ കണ്ടിട്ട് ആദ്യം പറഞ്ഞത്, ഇത് ഇവന്‍ നമ്മുടെ ഇടയില്‍ നിന്നിട്ട് ചെയ്യുന്നത് പോലെയുണ്ടല്ലോ എന്നാണ്. അവര്‍ ലാലങ്കിളുമായല്ല അതിനെ താരതമ്യപെടുത്തുന്നത്. അവര്‍ക്ക് നേരിട്ട് അപ്പുവിനെ അറിയുന്നതാണ്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

പ്രണവ് മോഹന്‍ലാലിന് പുറമെ കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെയാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഒപ്പം നിവിന്‍ പോളി ഗസ്റ്റ് റോളിലുമെത്തുന്നുണ്ട്.


Content Highlight: Vineeth Sreenivasan Talks About Hridhayam Movie Song And Pranav Mohanlal