| Wednesday, 3rd April 2024, 2:45 pm

വലിയ ആഗ്രഹങ്ങളാണ്; ദുല്‍ഖറിനും ലാലേട്ടനും മമ്മൂക്കക്കും ഒപ്പമുള്ള സിനിമകളില്‍ എനിക്ക് സന്തോഷം: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. താരത്തിന്റെ ചിത്രങ്ങള്‍ക്കായി സിനിമാ പ്രേമികള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. വിനീതിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.

ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍, നിവിന്‍ പോളി എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. ഇനി ദുല്‍ഖര്‍ സല്‍മാന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ നായകന്മാരാക്കി എന്നാണ് സിനിമയുണ്ടാകുക എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിനീത് ശ്രീനിവാസന്‍.

നല്ല സ്‌ക്രിപ്റ്റ് വരുമ്പോള്‍ താന്‍ ഇവരുടെ അടുത്തൊക്കെ പോകുമെന്നാണ് താരം പറയുന്നത്. അവരോടൊപ്പം ഒരു സിനിമ ചെയ്യാന്‍ സാധിച്ചാല്‍ അതില്‍ തനിക്ക് സന്തോഷമുണ്ടാകുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഇങ്ങനെയൊക്കെ ചോദിച്ചാല്‍ ഞാന്‍ എന്താണ് പറയേണ്ടത്. പറ്റിയ സ്‌ക്രിപ്റ്റ് വരുമ്പോള്‍ ഞാന്‍ ഇവരുടെ അടുത്തൊക്കെ പോകും. അവര്‍ക്ക് ഒക്കെ ആയാല്‍ എനിക്ക് സന്തോഷം.

അവരോടൊപ്പമുള്ള സിനിമയൊക്കെ വലിയ ആഗ്രഹങ്ങളാണ്. നമുക്ക് ഇഷ്ടമുള്ള ആളുകളാണ് ഇവര്‍ മൂന്നുപേരും. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ഇതിനിടയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് വിനീത് തിരക്കഥയൊരുക്കുന്ന ഒരു സിനിമ വരുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആ സിനിമയെ കുറിച്ചും വിനീത് അഭിമുഖത്തില്‍ സംസാരിച്ചു. അങ്ങനെ ഒരു പ്രൊജക്റ്റ് ഇല്ലെന്നാണ് താരം പറഞ്ഞത്.

‘ഇല്ല. അങ്ങനെയൊരു പ്രൊജക്റ്റ് ഇല്ല. എന്റെയടുത്ത് ആരും പറഞ്ഞിട്ടില്ല. ഇതൊക്കെ നടക്കുകയാണെങ്കില്‍ നല്ലതാണ്. ഞാന്‍ ഒന്നിനും എതിരില്ല. എല്ലാത്തിനും റെഡിയാണ് ഞാന്‍,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Vineeth Sreenivasan Talks About His Movies With Mammootty, Dulquer And Mohanlal

We use cookies to give you the best possible experience. Learn more