തന്റെ ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന്റെ തിരക്കഥ എട്ട് തവണ മാറ്റി എഴുതിയെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. തന്റെ ഇരുപത്തി നാലാമത്തെ വയസിലാണ് ആദ്യത്തെ സിനിമ ചെയ്യുന്നതെന്നും, ഓരോ തവണ തിരക്കഥ എഴുതുമ്പോഴും അച്ഛനെ കാണിക്കുമെന്നും താരം പറഞ്ഞു.
അച്ഛനോട് സംസാരിക്കുമ്പോള്‍ കൂടുതല്‍ ഐഡിയ കിട്ടുമെന്നും, എട്ടാമത്തെ തവണ മാറ്റിയെഴുതി അച്ചനെ കാണിച്ചപ്പോള്‍ എഴുതി എഴുതി പതം വന്നുവല്ലോയെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞെന്നും വിനീത് പറഞ്ഞു. തന്റെ സിനിമകള്‍ കൊള്ളാമെന്ന് അച്ഛന്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പ്ലസ് ടു കഴിഞ്ഞ സമയത്ത് തന്നെ ഞാന്‍ അച്ഛനോട് സിനിമയാണ് എനിക്ക് താത്പര്യമെന്ന് പറഞ്ഞു. ഡിഗ്രി കഴിയുന്നത് വരെ അതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ട, അത് കഴിഞ്ഞ് എന്താണെന്നുവെച്ചാല്‍ നിനക്ക് തീരുമാനിക്കാമെന്നായിരുന്നു അച്ഛന്റെ നിലപാട്. അപ്പോഴും സിനിമ എന്ന എന്റെ ആഗ്രഹത്തെ എതിര്‍ക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്റെ ഇരുപത്തിനാലാം വയസ്സിലാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയെഴുതുന്നത്.
മലര്‍വാടിയുടെ സമയത്ത് ഞാന്‍ ആദ്യം എഴുതിയതിലൊക്കെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഓരോ തവണ എഴുതിയിട്ട് ഞാന്‍ അച്ഛനെ കാണിക്കും. അച്ഛനത് വായിച്ച് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെ ചെയ്യാമല്ലോ എന്നൊരു ഐഡിയ കിട്ടും. മലര്‍വാടിയുടെ തിരക്കഥ എട്ടാമത്തെ തവണ മാറ്റിയെഴുതി അച്ഛനെ കാണിച്ചു. അപ്പോള്‍ ഒരു സീന്‍ വായിച്ച് അച്ഛന്‍ ചിരിച്ചു. എഴുതിയെഴുതി പതം വന്ന് തുടങ്ങിയിട്ടുണ്ടല്ലോ എന്നും പറഞ്ഞു.
എന്റെ സിനിമകള്‍ കണ്ടിട്ട് അച്ഛന്‍ ഇതുവരെ കൊള്ളാമെന്ന് പറഞ്ഞിട്ടില്ല. തട്ടത്തിന്‍ മറയത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ അച്ഛന്‍ വളരെ സന്തോഷത്തോടെ നല്ല അഭിപ്രായം പറഞ്ഞിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ അച്ഛന്റെയടുത്ത് എന്റെ സിനിമകളെ കുറിച്ച് അഭിപ്രായം ചോദിക്കാറില്ല.
എഴുത്തില്‍ അച്ഛന്‍ കൊണ്ടു വന്ന പുതുമ തന്നെയാണ് എനിക്കെന്നും ഇഷ്ടം. സര്‍ക്കാസ്റ്റിക്കായ രീതിയില്‍ വളരെ ആഴത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ് അച്ഛനുണ്ട്. അച്ഛന്റെ തിരക്കഥകളിലെല്ലാം പുതുമയുള്ള ഒരു ജീവിതമുണ്ട്. നമുക്ക് ചുറ്റും ജീവിക്കുന്ന പല മനുഷ്യരെയും ആ സിനിമകളില്‍ കാണാം. ഒപ്പം അച്ഛന്റെ സെന്‍സ് ഓഫ് ഹ്യൂമറും കാഴ്ചപ്പാടുകളുമെല്ലാം അതിലുണ്ടാവും. അതുകൊണ്ട് അച്ഛനിലെ എഴുത്തുകാരനെയാണ് എനിക്കിഷ്ടം,’ വിനീത് പറഞ്ഞു.
content highlight: vineeth sreenivasan talks about his first directorial