|

തട്ടത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ സമയത്ത് അവനെന്നും ജോലിയില്ലാതെ ഇരിക്കുന്ന എന്നോട് വന്ന്‌ ജോലി ചോദിക്കും: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളി – ഇഷ തല്‍വാര്‍ എന്നിവര്‍ ഒന്നിച്ച ആദ്യ ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്. 2012ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷം മലയാളത്തില്‍ വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് വിനീത് ശ്രീനിവാസനായിരുന്നു.

ചിത്രം തെലുങ്കില്‍ സാഹേബ സുബ്രഹ്‌മണ്യം എന്ന പേരിലും തമിഴില്‍ മീണ്ടും ഒരു കാതല്‍ കഥൈ എന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. നിവിന്‍ പോളിക്കും ഇഷ തല്‍വാറിനും പുറമെ അജു വര്‍ഗീസ്, മനോജ് കെ. ജയന്‍, സണ്ണി വെയ്ന്‍, ശ്രീറാം രാമചന്ദ്രന്‍, ഭഗത് മാനുവല്‍, മണിക്കുട്ടന്‍, ശ്രീനിവാസന്‍ തുടങ്ങിയ വലിയ താരനിര തന്നെ ഉണ്ടായിരുന്നു.

തട്ടത്തിന്‍ മറയത്തിന്റെ അസിസ്റ്ററ്റ് ഡയറക്ടറായിരുന്നത് ഗണേഷ് രാജായിരുന്നു. ഗണേഷിന്റെ ആദ്യ സിനിമയായിരുന്നു ഇത്. പിന്നീട് തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

തട്ടത്തിന്‍ മറയത്തിന്റെ സമയത്ത് നടന്ന ഒരു രസകരമായ സംഭവത്തെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘തട്ടത്തിന്റെ പ്രീ-പ്രൊഡക്ഷന്റെ സമയത്ത് ജോലി കുറവായിരുന്നു. പൂക്കോടുള്ള എന്റെ വീട്ടിലായിരുന്നു ഞങ്ങള്‍ എല്ലാവരും അന്ന് സ്റ്റേ ചെയ്തിരുന്നത്. അവിടെ കാര്യമായ പണിയൊന്നും തന്നെ ഉണ്ടായിരുന്നില്ല. ലൊക്കേഷനൊക്കെ ആദ്യമേ തന്നെ കണ്ടതാണ്.

ഗണേഷ് ആണെങ്കില്‍ എല്ലാ ദിവസവും എന്നോട് എനിക്ക് എന്തെങ്കിലും ജോലി തരൂ ചേട്ടായെന്ന് പറഞ്ഞാണ് നടക്കുക. ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി വന്നതാണല്ലോ അവന്‍. പക്ഷേ അവിടെ എനിക്കേ ജോലി ഉണ്ടായിരുന്നില്ല. ആ ഞാന്‍ അവന് എന്ത് ജോലി കൊടുക്കാനാണ്.

അമ്മ ആ സമയത്ത് കുറേ ഫ്രൂട്ട്‌സും കൊണ്ട് വരുമായിരുന്നു. പിന്നെ വൈകുന്നേരം ഞങ്ങള്‍ എല്ലാവരും നിവിനെയും കൊണ്ട് ഷട്ടില്‍ കളിക്കാനും പോകും. കാരണം നിവിന്റെ തടി മാക്‌സിമം കുറക്കണമായിരുന്നു. ഇതൊക്കെയല്ലാതെ പ്രത്യേകിച്ച് പണി ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ഇവന്‍ ദിവസവും വന്ന് ചേട്ടാ ജോലി തരൂവെന്ന് പറയും. അവസാനം ഞാന്‍ നീ വാ നമുക്ക് വല്ല പടവും കാണാം, അല്ലെങ്കില്‍ വല്ലതും കക്കാന്‍ പറ്റുമെങ്കില്‍ അതിന് പോകാം എന്ന് പറഞ്ഞു,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.

CONTENT HIGHLIGHT: Vineeth Sreenivasan Talks About Ganesh Raj