| Tuesday, 26th March 2024, 4:15 pm

ആ സീനുകളില്‍ ആരുമറിയാതെ ധ്യാന്‍ മാറി നിന്ന് റിഹേഴ്‌സല്‍ ചെയ്യും; ഞങ്ങള്‍ പരസ്പരം ഒന്നും പറയാറില്ല: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിലെ യുവ താരനിരയാണ് അണിനിരക്കുന്നത്. ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശന്‍ വീണ്ടും പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’.

പ്രണവ് മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ താരത്തിന്റെ സുഹൃത്തിന്റെ കഥാപാത്രമായി എത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. താന്‍ തിര സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ധ്യാന്‍ വളരെ ചെറുപ്പമാണെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍.

ലീഫി സ്റ്റോറീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍. ഇപ്പോള്‍ ധ്യാനിന് ഒരുപാട് സിനിമകളില്‍ അഭിനയിച്ച് ശീലമായെന്നും അതുകൊണ്ട് തന്നെ ഇത്തവണ ധ്യാനിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നുവെന്നും താരം പറയുന്നു.

ധ്യാന്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് പുറത്ത് പറയുന്നത് പോലെയൊന്നുമല്ല വര്‍ക്ക് ചെയ്യുന്നതെന്നും വളരെ സീരിയസാണെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു. കോംപ്ലിക്കേറ്റഡായിട്ടുള്ള സീന്‍ ചെയ്യുമ്പോള്‍ ധ്യാന്‍ ആരും അറിയാതെ മാറി നിന്ന് റിഹേഴ്‌സല്‍ ചെയ്യുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ തിരയില്‍ ധ്യാനിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ധ്യാന്‍ വളരെ ചെറുപ്പമാണ്. അത് അവന്റെ ആദ്യത്തെ സിനിമയുമാണ്. ഇപ്പോള്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ച് അവനും ശീലമായല്ലോ. അതുകൊണ്ട് തന്നെ ഇത്തവണ ധ്യാനിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ നല്ല എളുപ്പമായിരുന്നു.

പല സമയത്തും ഞങ്ങള്‍ ഒന്നും പരസ്പരം പറയാറില്ല. ഒരുപാട് ഇമോഷണലായിട്ടുള്ള സീനുകള്‍ വരുമ്പോള്‍ ഇത് ഇങ്ങനെ ചെയ്‌തോട്ടെ എന്നൊക്കെ അവന്‍ ചോദിക്കാറുണ്ട്. അവന്‍ പുറത്ത് പറയുന്നത് പോലെയൊന്നുമല്ല വര്‍ക്ക് ചെയ്യുന്ന സമയത്ത്.

ധ്യാന്‍ വളരെ സീരിയസാണ്. പുറമേ സീരിയസായിട്ട് കാണിക്കില്ല. പക്ഷെ ഇത്തിരി കോമ്പ്‌ളിക്കേറ്റഡായിട്ടുള്ള സീന്‍ ആണെങ്കില്‍ ഒന്ന് മാറി നിന്ന് റിഹേഴ്‌സലൊക്കെ ചെയ്ത് നോക്കും. ആരും അറിയാതെയാണ് ചെയ്യുക,’വിനീത് ശ്രീനിവാസന്‍ പറയുന്നു.


Content Highlight: Vineeth Sreenivasan Talks About Dhyan Sreenivasan

We use cookies to give you the best possible experience. Learn more