| Sunday, 31st March 2024, 2:23 pm

സ്‌ക്രിപ്റ്റിന്റെ ഫസ്റ്റ് ഹാഫ് കേട്ടതും ധ്യാന്‍ ഒരുകാര്യം ചോദിച്ചു; പടം ഇഷ്ടപ്പെട്ടത് കൊണ്ടാണെന്ന് പിന്നീട് മനസിലായി: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണവ് മോഹന്‍ലാല്‍ – ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ നായകന്മാരായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ധ്യാനിനെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍. ധ്യാന്‍ സ്‌ക്രിപ്റ്റ് കേള്‍ക്കുന്നത് ഷൂട്ടിന്റെ തലേ ദിവസമാണെന്നും അവന് തടി കുറക്കുന്നത് വരെ തന്റെ മുന്നില്‍ വരാന്‍ മടിയുണ്ടായിരുന്നുവെന്നും വിനീത് പറയുന്നു.

‘ധ്യാനിനോട് സിനിമയെ കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ട ആവശ്യമില്ല. ചിലപ്പോള്‍ സ്‌ക്രീന്‍ ബ്രീഫിങ്ങിന്റെ പോലും ആവശ്യമില്ല. സത്യത്തില്‍ ധ്യാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ സ്‌ക്രിപ്റ്റ് കേള്‍ക്കുന്നത് ഷൂട്ടിന്റെ തലേ ദിവസമാണ്.

അതിന് മുമ്പ് ഞാന്‍ ഇടയ്ക്കിടെ അവനെ വിളിച്ച് നിനക്ക് സിനിമയുടെ സ്‌ക്രിപ്റ്റ് കേള്‍ക്കണ്ടേയെന്ന് ചോദിക്കുമായിരുന്നു. അവന് തടി കുറക്കുന്നത് വരെ എന്റെ മുന്നില്‍ വരാന്‍ മടിയുണ്ടായിരുന്നു എന്ന് തോന്നുന്നു. ആദ്യമൊക്കെ വിളിക്കുമ്പോള്‍ ഞാന്‍ വന്നോളാം എന്നാണ് പറയാറുള്ളത്.

ഇടക്ക് ഒരു തവണ വിളിച്ചപ്പോള്‍ ‘ഞാന്‍ ഒരുപാട് പടങ്ങള്‍ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എല്ലാം കഴിഞ്ഞിട്ട് വരാ’മെന്ന് പറഞ്ഞു. പിന്നെ അവന്‍ സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ വരുന്നത് സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന്റെ തലേ ദിവസമോ അതിന്റെ തൊട്ട് മുമ്പത്തെ ദിവസമോയാണ്.

അതും സ്‌ക്രിപ്റ്റിന്റെ ഫസ്റ്റ് ഹാഫ് മാത്രമേ അവന്‍ കേട്ടിട്ടുള്ളൂ. ധ്യാനിനോട് ഞാന്‍ അതിന്റെ സെക്കന്റ് ഹാഫ് പറഞ്ഞിട്ടേയില്ല. ആദ്യ ഭാഗം കേട്ടപ്പോള്‍ തന്നെ എത്ര ദിവസമാണ് ചാര്‍ട്ട് ചെയ്തതെന്നാണ് ധ്യാന്‍ ചോദിച്ചത്. അവന് ആ സമയം കുറേ പടങ്ങള്‍ ഉണ്ടായിരുന്നു.

46 ദിവസമാണ് ചാര്‍ട്ട് ചെയ്തതെന്ന് പറഞ്ഞപ്പോള്‍, 46 ദിവസം കൊണ്ട് എങ്ങനെ ഈ സിനിമ ചെയ്യുമെന്ന് ചോദിച്ചു. അങ്ങനെ അടിച്ചു തീര്‍ത്ത് കോമ്പ്രമൈസ് ചെയ്യല്ലേ എന്ന് പറഞ്ഞു. അപ്പോള്‍ ഇവന് പടം ഇഷ്ടപെട്ടത് കൊണ്ടാണ് സമയം എടുത്ത് ചെയ്യാന്‍ പറയുന്നതെന്ന് എനിക്ക് മനസിലായി,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Vineeth Sreenivasan Talks About Dhyan Sreenivasan

We use cookies to give you the best possible experience. Learn more