| Thursday, 28th March 2024, 12:39 pm

ഒരുപാട് പടങ്ങളുണ്ട്, അതുകഴിഞ്ഞ് വരാമെന്ന് പറഞ്ഞ അവന്‍ ഷൂട്ടിന്റെ തലേദിവസമാണ് സ്‌ക്രിപ്റ്റ് കേള്‍ക്കുന്നത്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഇത്. ചിത്രത്തില്‍ മലയാളത്തിലെ യുവ താരനിരയാണ് അണിനിരക്കുന്നത്.

പ്രണവ് മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ താരത്തിന്റെ സുഹൃത്തിന്റെ കഥാപാത്രമായി എത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ധ്യാനിനെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍.

‘ധ്യാനിനോട് ഒന്നും പറയേണ്ട ആവശ്യമില്ല. സ്‌ക്രീന്‍ ബ്രീഫിങ്ങിന്റെ പോലും ആവശ്യമില്ല. സത്യത്തില്‍ ധ്യാന്‍ ഈ സിനിമയുടെ സ്‌ക്രിപ്റ്റ് കേള്‍ക്കുന്നത് ഷൂട്ടിന്റെ തലേന്നാണ്. അതിന് മുമ്പ് ഞാന്‍ ഇടയ്ക്കിടെ അവനെ വിളിച്ച് സ്‌ക്രിപ്റ്റ് കേള്‍ക്കണ്ടേയെന്ന് ചോദിക്കുമായിരുന്നു.

അവന് തടി കുറക്കുന്നത് വരെ എന്റെ മുന്നില്‍ വരാന്‍ മടിയുണ്ടായിരുന്നു എന്ന് തോന്നുന്നു. ആദ്യമൊക്കെ വിളിക്കുമ്പോള്‍ ഞാന്‍ വന്നോളാം എന്നാണ് പറയാറുള്ളത്. ഇടക്ക് ഒരു തവണ വിളിച്ചപ്പോള്‍ ‘ഞാന്‍ ഒരുപാട് പടങ്ങള്‍ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എല്ലാം കഴിഞ്ഞിട്ട് വരാം’ എന്ന് പറഞ്ഞു.

പിന്നെ അവന്‍ സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ വരുന്നത് സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന്റെ തലേന്നോ അതിന്റെ തൊട്ട് മുമ്പത്തെ ദിവസമോ ആണ്. അതും സ്‌ക്രിപ്റ്റിന്റെ ഫസ്റ്റ് ഹാഫ് മാത്രമേ അവന്‍ കേട്ടിട്ടുള്ളൂ. ധ്യാനിനോട് ഞാന്‍ സെക്കന്റ് ഹാഫ് പറഞ്ഞിട്ടേയില്ല. ആദ്യ ഭാഗം കേട്ടപ്പോള്‍ തന്നെ എത്ര ദിവസമാണ് ചാര്‍ട്ട് ചെയ്തതെന്ന് ചോദിച്ചു.

അവന് കുറേ പടങ്ങള്‍ ഉണ്ടായിരുന്നു. 46 ദിവസമാണ് ചാര്‍ട്ട് ചെയ്തതെന്ന് പറഞ്ഞപ്പോള്‍ 46 ദിവസം കൊണ്ട് എങ്ങനെ ചെയ്യുമെന്ന് ചോദിച്ചു. അങ്ങനെ അടിച്ചു തീര്‍ത്ത് കോമ്പ്രമൈസ് ചെയ്യല്ലേ എന്ന് പറഞ്ഞു. അപ്പോള്‍ ഇവന് പടം ഇഷ്ടപെട്ടത് കൊണ്ടാണ് സമയം എടുത്ത് ചെയ്യാന്‍ പറയുന്നതെന്ന് എനിക്ക് മനസിലായി,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Vineeth Sreenivasan Talks About Dhyan Sreenivasan

We use cookies to give you the best possible experience. Learn more