| Tuesday, 24th January 2023, 3:49 pm

ഷോട്ട് ഫിലിം കണ്ടാണ് ധ്യാനെ അഭിനയിക്കാന്‍ വിളിക്കുന്നത്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ശോഭന, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രമായ ചിത്രമാണ് തിര. പതിവ് വിനീത് ശൈലിയില്‍ നിന്നും ക്രൈ ത്രില്ലര്‍ മോഡിലാണ് ചിത്രമൊരുങ്ങിയത്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി അഭിനയിച്ച സിനിമ കൂടിയായിരുന്നു തിര. ചിത്രത്തിലേക്ക് ധ്യാനെ തെരഞ്ഞെടുത്തതിനെ പറ്റി പറയുകയാണ് വിനീത് ശ്രീനിവാസന്‍. പുതിയ ഒരാള്‍ വേണമെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ധ്യാനിന്റെ ഷോട്ട് ഫിലിം കണ്ട് അഭിനയിപ്പിക്കാമെന്ന് തീരുമാനിച്ചതെന്നും ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.

‘തിരയില്‍ ധ്യാനെ നായകനാക്കണമെന്ന് വിചാരിച്ച് എടുത്തതല്ല. തിരയിലെ നായകനും നായികയുമൊക്കെ ശോഭന മാമാണ്. അപ്പുറത്ത് ചെറുപ്പക്കാരനായി ഒരാള്‍ വേണം. പുതിയ ആരെയെങ്കിലും ട്രൈ ചെയ്യാമെന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് ഇവന്റെ ഷോട്ട് ഫിലിം ഞാന്‍ കാണുന്നത്. ആ ഷോട്ട് ഫിലിം ഇന്നുവരെ വേറെ ആരും കണ്ടിട്ടില്ല. അതുകണ്ട് ഇഷ്ടപ്പെട്ടിട്ട് ഞാന്‍ അവനോട് ചോദിച്ചതാണ്. റിഹേഴ്‌സല്‍ ഒക്കെ എടുത്ത് നോക്കിയപ്പോള്‍ കറക്ടായി വന്നു. അങ്ങനെ വന്നതാണ് ധ്യാന്‍,’ വിനീത് പറഞ്ഞു.

ധ്യാനൊപ്പമുള്ള കുട്ടിക്കാലത്തെ ഓര്‍മകളും വിനീത് പങ്കുവെച്ചിരുന്നു. ‘ധ്യാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. ഞാനപ്പോള്‍ ഹോസ്റ്റലിലായിരുന്നു. അന്ന് അവന്‍ എനിക്ക് ഒരു ലെറ്റര്‍ എഴുതിയിട്ടുണ്ട്. അവന്‍ ലൈഫില്‍ ഒരു തവണയെ ലെറ്റര്‍ എഴുതിയിട്ടുള്ളൂ. അവന്‍ എന്നെ മിസ് ചെയ്യുന്നുണ്ടെന്ന് ആ ലെറ്റര്‍ വായിച്ചിട്ട് എനിക്ക് മനസിലായി. അങ്ങനെയൊരു വികാരം അതിന് മുമ്പോ അതിന് ശേഷമോ അവന്‍ പ്രകടിപ്പിച്ചിട്ടേയില്ല. സിനിമയെ കുറിച്ചുള്ള അപ്രിസിയേഷനൊന്നും ഞങ്ങള്‍ തമ്മിലില്ല.

ഹോസ്റ്റലിലേക്ക് ചേര്‍ത്തപ്പോള്‍ നീ ഒരു യുദ്ധത്തിനാണ് ഇറങ്ങിപുറപ്പെടുന്നത്, യുദ്ധം ചെയ്യുന്നതിന് മുമ്പ് അടിയറവ് പറയരുതെന്നാണ് അച്ഛന്‍ പറഞ്ഞത്. യുദ്ധം കണ്ടുനില്‍ക്കുന്നവര്‍ക്ക് അങ്ങനെ പലതും പറയാമെന്ന് ഞാന്‍ പറഞ്ഞു. ആ ടൈമിലൊക്കെ ഞാന്‍ കട്ടക്കലിപ്പിലായിരുന്നു.

ചെന്നൈയില്‍ പോയിട്ട് എനിക്കാണെങ്കില്‍ ഭാഷയും അറിയില്ല. പുതിയ സ്ഥലം, ഒട്ടും പരിചയമില്ലാത്ത ആളുകള്‍, ഡോര്‍മിറ്ററി, എനിക്ക് ഒട്ടും പരിചയമില്ലാത്ത ശീലങ്ങള്‍, വൃത്തിയില്ലാത്ത ബാത്ത്റൂമുകള്‍, ലോക്കില്ല, കുളിച്ചോണ്ടിരിക്കുമ്പോള്‍ തന്നെ വേറെ ഒരുത്തന്‍ കേറി വരും, അങ്ങനെ പുകഞ്ഞ് നില്‍ക്കുമ്പോഴാണ് നീ യുദ്ധത്തിനാണ് പോകുന്നതെന്ന് അച്ഛന്‍ പറയുന്നത്,’ വിനീത് പറഞ്ഞു.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങുന്ന തങ്കമാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന വിനീതിന്റെ ചിത്രം. സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് തങ്കം. ജനുവരി 26ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Content Highlight: vineeth sreenivasan talks about casting dhyan for thira

We use cookies to give you the best possible experience. Learn more