| Tuesday, 24th January 2023, 2:03 pm

ബിജു ചേട്ടന്‍ അങ്ങനെ ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി, അതും എന്നെക്കാള്‍ സീനിയറായ താരം: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ സഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തങ്കം റിലീസിനൊരുങ്ങുകയാണ്. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് തങ്കത്തെ കുറിച്ച് സംസാരിക്കുന്ന അഭിമുഖം ഭാവന സ്റ്റുഡിയോസ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ആ വീഡിയോയില്‍ ബിജു മേനോനുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍. താന്‍ ആദ്യമായിട്ടാണ് ഇത്രയും ദിവസങ്ങള്‍ ബിജു മേനോന്റെ കൂടെ അഭിനയിക്കുന്നതെന്നും ഈ വിശേഷങ്ങള്‍ താന്‍ ദിവ്യയോട് പറയുമായിരുന്നു എന്നും വിനീത് പറഞ്ഞു.

‘കുഞ്ഞിരാമായണത്തില്‍ ഒരു ചെറിയ ഭാഗത്ത് മാത്രമാണ് ഞാന്‍ ബിജു ചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളു. എന്നാല്‍ തങ്കത്തില്‍ അഭിനയിച്ചപ്പോള്‍ കുറേ ദിവസം എനിക്ക് ബിജു ചേട്ടന്റെ കൂടെ ചെലവഴിക്കാന്‍ സാധിച്ചു. ഞാന്‍ ലൊക്കേഷനില്‍ നിന്നും വീട്ടില്‍ ചെല്ലുമ്പോള്‍ ബിജു ചേട്ടനെ കുറിച്ച് ദിവ്യയോടും സംസാരിക്കാറുണ്ട്.

ഞാന്‍ കൂടെയുള്ളപ്പോള്‍ ബിജു ചേട്ടന്‍ വളരെ കഷ്ടപ്പെട്ടാണ് സിഗരറ്റ് ഒക്കെ വലിച്ചിരുന്നത്. കാരവാന്റെ അകത്തുള്ള ബാത്‌റൂം ഡോറൊക്കെ തുറന്ന് അതിന്റെയുള്ളിലിരുന്നാണ് ബിജു ചേട്ടന്‍ സിഗരറ്റ് വലിച്ചിരുന്നത്. സത്യത്തില്‍ എനിക്ക് പാസീവ് സ്‌മോക്ക് ചെയ്ത് നല്ല ശീലമുണ്ടായിരുന്നു. കാരണം അച്ഛനൊക്കെ എന്റെ അടുത്തിരുന്ന് വലിക്കുന്ന ആളുകളായിരുന്നു.

എന്നെക്കാളും ഇത്രയും സീനിയറായിരുന്ന ബിജു ചേട്ടന്‍ ഇങ്ങനെ ചെയ്തപ്പോള്‍ ശരിക്കും എനിക്ക് അതിശയം തോന്നി. ശരിക്കും പറഞ്ഞാല്‍ മുത്താണ് ചേട്ടന്‍,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ജനുവരി 26നാണ് തങ്കം തിയേറ്ററുകളിലെത്തുന്നത്. സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുകയും ജ്വല്ലറികളില്‍ എത്തിക്കുകയും ചെയ്യുന്ന യുവാക്കളായിട്ടാണ് ബിജു മേനോനും വിനീതും ചിത്രത്തില്‍ എത്തുന്നത്. വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.

content highlight: vineeth sreenivasan talks about biju menon

We use cookies to give you the best possible experience. Learn more