ക്രൗഡിനെ മാറ്റാന്‍ പോയ അജുവിനെ അവര്‍ സെല്‍ഫിയെടുക്കാന്‍ പിടിച്ചുനിര്‍ത്തി; കാര്യമറിയാതെ ഞാന്‍ ചൂടായി: വിനീത് ശ്രീനിവാസന്‍
Entertainment
ക്രൗഡിനെ മാറ്റാന്‍ പോയ അജുവിനെ അവര്‍ സെല്‍ഫിയെടുക്കാന്‍ പിടിച്ചുനിര്‍ത്തി; കാര്യമറിയാതെ ഞാന്‍ ചൂടായി: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th April 2024, 3:55 pm

വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് നിവിന്‍ പോളി നായകനായ ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. 2016ല്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മിച്ചത് നോബിള്‍ തോമസായിരുന്നു.

ചിത്രത്തില്‍ അജു വര്‍ഗീസ് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ആ സിനിമയുടെ സെറ്റില്‍ നടന്ന ഒരു രസകരമായ സംഭവത്തെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍.

തന്റെ പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ജേക്കബിന്റെ സെറ്റില്‍ അജുവിനെ ഇടക്ക് ക്രൗഡിനെ മാറ്റാന്‍ വേണ്ടി വിടും. ഔട്ട്ഡോര്‍ ഷൂട്ട് ചെയ്യുമ്പോള്‍ അവിടെ ഇഷ്ടം പോലെ മലയാളികള്‍ ചുറ്റുമുണ്ടാകും. ‘അജൂ ഒന്ന് ആളുകളോട് പിന്നിലേക്ക് മാറാന്‍ പറയൂ’ എന്ന് പറഞ്ഞ് ഞാന്‍ അവനെ അവരുടെ അടുത്തേക്ക് വിടും.

അജു ആ സമയത്ത് ഷോര്‍ട്‌സും ടീഷര്‍ട്ടും ഇട്ടിട്ടാണ് വരാറുള്ളത്. അപ്പോള്‍ ഇവന്‍ നേരെ ചെന്ന് കൈ നീട്ടിയിട്ട് ‘ചേട്ടാ ഒന്ന് പുറകിലേക്ക് മാറി നിന്നേ’യെന്ന് പറയുമ്പോള്‍ അവര്‍ അജുവിന്റെ കൈ പിടിച്ച് ‘ഇങ്ങ് വന്നേടാ നീ’ എന്നും പറഞ്ഞ് തിരിച്ചു നിര്‍ത്തും. എന്നിട്ട് അവന്റെ കൂടെ സെല്‍ഫി എടുക്കും.

സെല്‍ഫി എടുത്താല്‍ അവിടുന്ന് മാറാമെന്ന് പറഞ്ഞിട്ടാണ് അവര്‍ സെല്‍ഫി എടുക്കുന്നത്. തിരക്ക് പിടിച്ച് അവനെ ആളുകളെ മാറ്റാന്‍ വിട്ടതാണ് ഞാന്‍. പക്ഷേ ഞാന്‍ പിന്നെ കാണുന്നത് അജു അവരുടെ കൂടെ സെല്‍ഫി എടുക്കുന്നതാണ്. സത്യം എനിക്കറിയില്ലല്ലോ. ഞാന്‍ ഇത് കണ്ടിട്ട് ഇവനോട് ചൂടായിട്ടുണ്ട്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അസിസ്റ്റന്റ് ഡയറക്ടറായാല്‍ മോണിറ്ററിന്റെ അടുത്ത് പോയി ഇരുന്നാല്‍ മതിയെന്നാണ് താന്‍ വിചാരിച്ചത് എന്നാണ് അജു വര്‍ഗീസ് പറയുന്നത്.

‘ഞാന്‍ ആവശ്യം ഇല്ലാത്ത പണി എടുക്കാന്‍ പോയതാണ് അത്. എന്നോട് ആ പണിക്ക് വരേണ്ടെന്ന് പറഞ്ഞതാണ്. ദുബായ്‌യില്‍ ആയിരുന്നു ഷൂട്ട് നടന്നത്. വിദേശയാത്ര താത്പര്യപെടുന്ന ആളല്ല ഞാന്‍.

പക്ഷേ എന്റെ സുഹൃത്താണ് സിനിമയുടെ പ്രൊഡ്യൂസര്‍. ഹെലന്‍ സിനിമയിലെ ഹീറോ ആയ നോബിളാണ്. കോളേജില്‍ ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാണ്. ഞാന്‍ സത്യത്തില്‍ വിചാരിച്ചത് മോണിറ്ററിന്റെ അടുത്ത് പോയി ഇരുന്നാല്‍ മതി എന്നാണ്,’ അജു വര്‍ഗീസ് പറഞ്ഞു.


Content Highlight: Vineeth Sreenivasan Talks About Aju Varghese