|

തിയേറ്റര്‍ സ്‌ട്രൈക്ക് കാരണം പുതിയ സിനിമകള്‍ റിലീസായില്ല; എന്നാല്‍ ആ പടം നൂറ് ദിവസമോടി: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ചിത്രമായിരുന്നു ആനന്ദം. 2016ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു നേടിയത്. നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് വിനീത് ശ്രീനിവാസനായിരുന്നു.

സിദ്ധി, തോമസ് മാത്യു, വിശാഖ് നായര്‍, അനാര്‍ക്കലി മരക്കാര്‍, അരുണ്‍ കുര്യന്‍, റോഷന്‍ മാത്യു, അനു ആന്റണി എന്നീ പുതുമുഖങ്ങളായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ആനന്ദം സിനിമയുടെ സമയത്ത് തിയേറ്റര്‍ സ്‌ട്രൈക്ക് ആയിരുന്നുവെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍.

ആ സമയത്ത് പുതിയ റിലീസ് ഒന്നും ഉണ്ടായില്ലെന്നും അതിനാല്‍ ആനന്ദം നൂറ് ദിവസം ഓടിയെന്നും താരം പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റിനോട് സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍.

‘ആനന്ദം സിനിമയുടെ സമയത്ത് തിയേറ്റര്‍ സ്‌ട്രൈക്ക് ആയിരുന്നു. അതുകൊണ്ട് പുതിയ റിലീസ് ഒന്നും ഉണ്ടാകില്ലെന്ന് പറഞ്ഞു. എന്നാല്‍ ആനന്ദം നൂറ് ദിവസം ഓടി. ആ സിനിമ നൂറ് ദിവസം ഓടിച്ചു എന്നു വേണം പറയാന്‍.

ആ സമയത്ത് തിയേറ്ററില്‍ വേറെ പടങ്ങള്‍ ഉണ്ടായിരുന്നില്ല. രണ്ടോ മൂന്നോ പടങ്ങളായിരുന്നു തിയേറ്റര്‍ സ്‌ട്രൈക്കിന് റിലീസ് ചെയ്തിരുന്നത്. പുതിയ പടങ്ങള്‍ റിലീസ് ഇല്ലാത്ത സമയം ആയത് കൊണ്ടാകണം ആനന്ദം കുറേ ദിവസം ഓടി,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

പ്രണവ് മോഹന്‍ലാല്‍ – ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ നായകന്മാരാക്കി എത്തുന്ന വിനീതിന്റെ ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തില്‍ മലയാളത്തിലെ യുവ താരനിരയാണ് അണിനിരക്കുന്നത്.

ഷാന്‍ റഹ്‌മാനും സിനിമയില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ടീസറില്‍ ഷാന്‍ റഹ്‌മാനെ കാണിക്കുന്നത് റീ ബ്രാന്‍ഡിങ് എന്ന ടാഗോടെയാണ്. ആവേശത്തിന്റെ ടീസര്‍ കണ്ട ശേഷമാണ് ഈ ടാഗ് കൊടുത്തതെന്നാണ് വിനീത് അഭിമുഖത്തില്‍ പറയുന്നത്.

‘ഞങ്ങള്‍ സത്യത്തില്‍ റീ ഇന്‍ട്രഡ്യൂസിങ് ഷാന്‍ റഹ്‌മാന്‍ എന്ന് കൊടുക്കാനായിരുന്നു കരുതിയത്. അപ്പോഴാണ് ആവേശത്തിന്റെ ടീസര്‍ വരുന്നത്. അതില്‍ റീ ഇന്‍ട്രഡ്യൂസിങ് ഫഫാ എന്നായിരുന്നു അവര്‍ കൊടുത്തത്.

അപ്പോള്‍ പിന്നെ അത് നമ്മള്‍ ആവര്‍ത്തിക്കുന്നത് മോശമല്ലേ. പകരം എന്ത് ചെയ്യാമെന്ന ഡിസ്‌കഷന്‍ വന്നു. ഷാനിനെ പൊതുവെ മ്യൂസിക് ഡയറക്ടര്‍ എന്ന ബ്രാന്‍ഡിലാണല്ലോ ആളുകള്‍ക്ക് അറിയുന്നത്. അതുകൊണ്ട് റീ ബ്രാന്‍ഡിങ് ഇട്ടാലോ എന്ന് ചിന്തിക്കുകയായിരുന്നു,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Vineeth Sreenivasan Talks About Aanandam Movie