വോക്കിസത്തെയും പൊളിറ്റിക്കൽ കറക്റ്റ്നസിനെയും കുറിച്ചുള്ള ബോധത്തെ ഇപ്പോൾ പലരും മുറുകെ പിടിച്ചിരിക്കുകയാണെന്നും ആ പിടി കുറച്ച് നാൾ കഴിയുമ്പോൾ അയയുമെന്നും അപ്പോൾ സെൻസ് ഓഫ് ഹ്യുമർ തിരികെ വരുമെന്നും വിനീത് ശ്രീനിവാസൻ.
തന്റെ ഏറ്റവും പുതിയ ചിത്രമായ കുറുക്കന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇപ്പോഴത്തെ കാലത്ത് സിനിമകൾ ഉണ്ടാക്കുമ്പോൾ എന്തൊക്കയാണ് മനസിൽ വരുന്ന കാര്യങ്ങൾ എന്നും പൊളിറ്റിക്കൽ കറക്റ്റ്നസ് പോലെയുള്ള കാര്യങ്ങൾ ചിന്തകളെ ബാധിക്കാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു വിനീത് മറുപടി പറഞ്ഞത്.
ആളുകൾ സിനിമ കാണുന്ന രീതി മാറി വരുമെന്നും കുറെ കാലം കഴിയുമ്പോൾ കുറച്ച് വർഷങ്ങളായി കിട്ടിയ അറിവെല്ലാം മനസിലാക്കി ഒരു ബാലൻസിലേക്ക് ആളുകൾ എത്തുമെന്നും വിനീത് പറയുന്നു.
‘ആളുകൾ സിനിമകൾ കാണുന്ന രീതി മാറി വരും, കുറെ കാര്യങ്ങളെ പറ്റിയുള്ള അറിവ് നമ്മുക്ക് കിട്ടുന്നത് കഴിഞ്ഞ നാല് അഞ്ച് വർഷം ആയിട്ടാണ്. ഇപ്പോൾ ആ അറിവുകളെ നമ്മൾ മുറികെ പിടിച്ചിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഇപ്പോൾ നമ്മൾ കാണുന്നതെല്ലാം ഒരു കണ്ണാടി ഇട്ട് കാണുന്ന പോലെയാണ്. കുറച്ച് കഴിയുമ്പോൾ ഈ അറിവുകൾ ഒക്കെ നമ്മുടെ സിസ്റ്റത്തിൽ കയറും. നമ്മൾ മുറുക്കി പിടിച്ചിരിക്കുന്ന വോക്കിസം പോലുള്ളവയുടെ പിടി അയയും. അങ്ങനെയാണ് ഞാൻ ചിന്തിക്കുന്നത്’, വിനീത് പറയുന്നു.
എല്ലാവർക്കും എല്ലാവരെയും കളിയാക്കാൻ പറ്റുന്നതും പക്ഷെ ആർക്കും വേദനിക്കാത്ത ഒരു അവസ്ഥ വരുന്നത് നല്ലതല്ലേയെന്നും വിനീത് ചോദിക്കുന്നുണ്ട്.
‘ഒരാളെ മനപ്പൂർവം വേദനിപ്പിക്കാൻ വേണ്ടി ആരും കളിയാക്കാതെ എല്ലാവർക്കും എല്ലാവരെയും കളിയാക്കാൻ പറ്റുന്ന ഒരു അവസ്ഥ വരുന്നത് നല്ലത് അല്ലെ. ഇപ്പൊ എന്റെ ശരീരത്തെ പറ്റി അടുത്ത സുഹൃത്ത് എന്നോട് പറഞാൽ അത് ബോഡി ഷെയിമിങ് ആയി എടുക്കണോ അതോ അവൻ എന്റെ ആരോഗ്യത്തെ പറ്റി ആണോ പറയുന്നത് എന്ന് ഓർക്കണോ. അത് പറയാൻ അടുപ്പം ഉള്ള ആൾ അത് പറഞ്ഞാൽ കേൾക്കണം. അടുത്ത് നിൽക്കുന്ന ഒരാൾ നമ്മുടെ ഒരു റിയാലിറ്റി ചൂണ്ടി കാണിക്കുമ്പോൾ ‘നിങ്ങൾ എന്നെ പ്രകോപിതനാക്കി’ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലലോ’ മറിച്ച് എനിക്ക് വെളിച്ചം കാട്ടി തരുന്നു എന്ന് അല്ലെ കരുതേണ്ടത്’, വിനീത് പറയുന്നു
പക്ഷെ ഇത്തരത്തിലുള്ള ബോധം ഉണ്ടാകേണ്ടത് ആവശ്യമാണെന്നും ഒരാളെ അങ്ങേയറ്റം വേദനിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്നും വിനീത് പറയുന്നുണ്ട്. അതിനൊപ്പം തന്നെ മലയാളികളുടെ സെൻസ് ഓഫ് ഹ്യുമർ പോകാൻ പാടില്ലെന്നും വിനീത് കൂട്ടിച്ചേർക്കുന്നു.