| Sunday, 11th December 2022, 1:34 pm

അവസരം കിട്ടിയിട്ടും തമിഴ് സിനിമ ഒഴിവാക്കി, താരങ്ങള്‍ക്കനുസരിച്ച് സംവിധായകരുടെ ഫ്രീഡം കുറയും: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി തമിഴ് സിനിമകളില്‍ തന്നെ വിളിച്ചിട്ടുണ്ടെന്നും, എന്നാല്‍ അതൊക്കെ ഒഴിവാക്കുകയായിരുന്നു എന്നും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. മുഖ്യധാരയിലേക്ക് വരുമ്പോള്‍ തമിഴിലെ സംവിധായകര്‍ക്ക് ഫ്രീഡം കുറയുമെന്നും താരം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ തമിഴില്‍ സിനിമ ചെയ്യാത്തതിന്റെ പ്രധാന കാരണം, മലയാളത്തില്‍ കിട്ടുന്നത് പോലെയുള്ള പോസിറ്റീവ് അന്തരീക്ഷം അവിടെ കിട്ടുമോ എന്ന ചിന്തകൊണ്ടാണ്. ഇഷ്ടമില്ലാത്ത കാര്യങ്ങളൊക്കെ ചെയ്യേണ്ടി വരുമോ, താരങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് സിനിമയില്‍ മാറ്റം വരുത്തേണ്ടി വരുമോ അങ്ങനെ കുറേ ടെന്‍ഷന്‍ എനിക്ക് ഉണ്ടായിരുന്നു.

അതുകൊണ്ടാണ് ഞാന്‍ അവസരങ്ങള്‍ കിട്ടിയിട്ടും വേണ്ടായെന്ന് വെച്ചത്. നിലവില്‍ നല്ല ക്രിയേറ്റിവിറ്റിയുള്ള ഒരാള്‍ക്ക് നല്ല രീതിയില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരു ഇന്‍ഡസ്ട്രിയാണ് മലയാളം. ഇപ്പോള്‍ ഇവിടെ ആരേയും നമുക്ക് കണ്‍വീന്‍സ് ചെയ്യേണ്ട ആവശ്യമില്ല. കഥ നല്ലതാണെങ്കില്‍ ഏത് സിനിമയും നമുക്ക് ഇവിടെ ചെയ്യാന്‍ കഴിയും. അതൊക്കെ കാണാന്‍ ഇവിടെ പ്രേക്ഷകരും തയ്യാറാണ്.

എന്നാല്‍ തമിഴിലൊക്കെ നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ആളുകളെ കണ്‍വീന്‍സ് ചെയ്യിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. തമിഴില്‍ വരുന്ന സിനിമകള്‍ കാണുമ്പോള്‍ തന്നെ നമുക്ക് അത് മനസിലാക്കാന്‍ കഴിയും. ടെംപ്ലെയിറ്റ് സിനിമകളാണ് അവിടെ കൂടുതലും ഇറങ്ങുന്നത്. സമുദ്രക്കനി, പ്രഭു, കാര്‍ത്തിക് സുബ്ബരാജ്, സെല്‍വരാഘവന്‍, ശശികുമാര്‍ ഇവരുടെയൊക്കെ ആദ്യ സിനിമകളില്‍ വലിയ പ്രതീക്ഷ നല്‍കിയിരുന്നു.

അന്നൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു തമിഴ് സിനിമ വേറേ രീതിയിലേക്ക് മാറുമെന്ന്. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. പക്ഷെ ആ രീതിയിലേക്ക് ഒക്കെ പോകേണ്ട ഇന്‍ഡസ്ട്രി തന്നെയായിരുന്നു. കാരണം അത്രയും കഴിവുള്ള ആളുകള്‍ അവിടെയുണ്ട്. മെയിന്‍ സ്ട്രീമിലേക്ക് വരുമ്പോള്‍ അവിടുത്തെ സംവിധായകര്‍ക്ക് എന്തോ ഫ്രീഡം കുറവുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

സംവിധാനം ചെയ്യാനും അഭിനയിക്കാനായിട്ടും എന്നെ പലരും തമിഴില്‍ നിന്നും വിളിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ പോയില്ല. എന്തായാലും ഞാന്‍ തമിഴില്‍ അഭിനയിക്കില്ല. കാരണം അവിടെയുള്ളവര്‍ക്ക് ആര്‍ക്കും എന്നെ ഇപ്പോള്‍ അറിയില്ല. അതുകൊണ്ട് തന്നെ എനിക്ക് അവിടെ കറങ്ങി നടക്കാം. പിന്നെ എന്തിനാണ് അവിടെ അഭിനയിച്ച് എന്റെ ഫ്രീഡം നശിപ്പിക്കുന്നത്,’ വിനീത് പറഞ്ഞു.

content highlight: vineeth sreenivasan talking about tamil cinema indu

We use cookies to give you the best possible experience. Learn more