24 വർഷത്തിനിടയിൽ ഇങ്ങനെയൊരു സിനിമയുടെ വിജയം ഞാൻ കണ്ടിട്ടില്ല: വിനീത് ശ്രീനിവാസൻ
Entertainment
24 വർഷത്തിനിടയിൽ ഇങ്ങനെയൊരു സിനിമയുടെ വിജയം ഞാൻ കണ്ടിട്ടില്ല: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th April 2024, 9:16 am

ലോകവ്യാപകമായി മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായി പുതു ചരിത്രം കുറിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ജാൻ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു ഒരുക്കിയത്.

എറണാകുളത്തെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന ഒരു കൂട്ടം യുവാക്കളുടെയും അവർ നേരിടുന്ന പ്രശ്നത്തിന്റെയും കഥ പറഞ്ഞ ഒരു സർവൈവൽ ത്രില്ലറാണ് മഞ്ഞുമ്മൽ ബോയ്സ്.

 

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങി യുവതാരനിര അണിനിരന്ന ചിത്രം കേരളത്തിലെ പോലെ തന്നെ തമിഴ്നാട്ടിലും തെലുങ്കിലുമെല്ലാം ഒരുപോലെ സ്വീകരിക്കപ്പെട്ടു. കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, കാർത്തിക് സുബ്ബരാജ് തുടങ്ങി നിരവധി പ്രമുഖരാണ് ചിത്രത്തിന് അഭിനന്ദനവുമായി മുന്നോട്ട് വന്നത്.

മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ നിന്ന് കണ്ട അനുഭവം പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസൻ. 24 വർഷത്തിനിടയിൽ തമിഴ്നാട്ടിൽ ഇങ്ങനെയൊരു മലയാള സിനിമയുടെ വിജയം താൻ കണ്ടിട്ടില്ലെന്ന് വിനീത് പറയുന്നു. ഫിലിംബീറ്റിനോട് സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസൻ.

‘മഞ്ഞുമ്മൽ ബോയ്സ് പോലൊരു സംഭവം ഞാൻ ഒരു 24 വർഷത്തിനിടയിൽ അവിടെ കണ്ടിട്ടില്ല. അതൊരു ഫിനോമിനൻ ആയിരുന്നു. അത് കാണാൻ ഫുൾ തമിഴന്മാരായിരുന്നു. എന്റെ വീടിന്റെ തൊട്ടടുത്തുള്ള ഒരു തിയേറ്ററിൽ നിന്നാണ് ഞാൻ പടം കാണുന്നത്. മലയാളികൾ ആരുമില്ല. അവർ സബ് ടൈറ്റിൽ വായിച്ചിട്ട് ചിരിക്കുകയാണ്.

ഒന്നാമത് അവർക്ക് ഭാഷ പിടികിട്ടി തുടങ്ങുന്നേയുള്ളൂ. ഒ. ടി. ടിയിലൊക്കെ കണ്ട് തുടങ്ങുന്നല്ലേയുള്ളൂ. ചില ഡയലോഗുകൾ അവർക്ക് മനസിലായില്ലെങ്കിൽ അവർ അടുത്തിരിക്കുന്നവരോട് ചോദിക്കും. എന്റെ മുന്നിൽ നടന്ന കാര്യമാണ് ഞാൻ പറയുന്നത്. അങ്ങനെ അവർ കാര്യങ്ങൾ മനസിലാക്കി ചിരിക്കുകയാണ്. അതുപോലെ കഥയാണെങ്കിലും അവർക്ക് നന്നായി വർക്കായി,’വിനീത് ശ്രീനിവാസൻ പറയുന്നു.

ഒരു സി. ബി. ഐ ഡയറി കുറിപ്പ്, നരസിംഹം തുടങ്ങിയ സിനിമകൾ തമിഴ്നാട്ടിൽ 100 ദിവസം ഓടിയിട്ടുണ്ടെങ്കിലും മഞ്ഞുമ്മൽ ബോയ്സിന്റെ വിജയമാണ് തന്നെ ഞെട്ടിച്ചതെന്ന് വിനീത് പറഞ്ഞു.

‘പണ്ട് സി.ബി.ഐ ഡയറി കുറിപ്പ് തമിഴ്നാട്ടിൽ നൂറ് നൂറ്റിരുപത് ദിവസം ഓടിയിട്ടുണ്ട്. അതുപോലെ നരസിംഹം നൂറ് ദിവസം ഓടിയത് എനിക്കറിയാം. കാരണം ഞാൻ അവിടെ ഉള്ള സമയത്താണ് അത് നൂറ് ദിവസം പൂർത്തിയാവുന്നത്. അതുപോലെ പ്രേമം വലിയൊരു സെൻസേഷനായിരുന്നു തമിഴ്നാട്ടിൽ,’വിനീത് പറഞ്ഞു.

 

Content Highlight: Vineeth Sreenivasan Talk About Victory Of Manjummal Boys In Thamizhnadu