മലയാളികളുടെ പ്രിയ താര പുത്രനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് പിന്നീട് നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു.
ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍, നിവിന്‍ പോളി എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്.
വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിന്റെ കഥ ഉണ്ടായതിനെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസൻ. ഉദയനാണ് താരം എന്ന ചിത്രം കണ്ടപ്പോഴാണ് സിനിമയ്ക്കുള്ളിലെ സിനിമയെ കുറിച്ചൊരു പടം ചെയ്യണമെന്ന് തനിക്ക് തോന്നിയതെന്ന് വിനീത് പറയുന്നു. എന്നാൽ അന്ന് തനിക്കത് കഴിയില്ലായിരുന്നുവെന്നും പിന്നീട് 2022ലാണ് വർഷങ്ങൾക്ക് ശേഷം ചെയ്യാമെന്ന് തീരുമാനിച്ചതെന്നും വിനീത് പറയുന്നു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഉദയനാണ് താരം ഇറങ്ങിയ സമയം തൊട്ട് എനിക്ക് സിനിമയ്ക്കുള്ളിലെ സിനിമ കാണിക്കുന്ന ഒരു പടം എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് എപ്പോഴെങ്കിലും അങ്ങനെയൊരു കഥ പറയാൻ പറ്റുമോയെന്ന ചിന്ത അന്നുതൊട്ടേയുണ്ട്. കാരണം സിനിമ നമുക്ക് ഒരുപാട് ഇഷ്ടമാണല്ലോ.
ഉദയനാണ് താരത്തിൽ മഴയുടെ ഒരു ഷൂട്ട് കാണിക്കുന്ന സീനുണ്ട്. രണ്ടുകുട്ടികൾ ഇങ്ങനെ നടന്നുപോവുന്നു, ആ സമയത്ത് അച്ഛന്റെ കഥാപാത്രം ഇങ്ങനെ കയറി വരുന്നു. അങ്ങനെ സിനിമയിൽ നടക്കുന്ന പ്രൊസസുകൾ കാണിച്ചുകൊണ്ടുള്ള ഒരു സീനൊക്കെയുണ്ട് ചിത്രത്തിൽ. അതൊക്കെ കാണുമ്പോൾ എനിക്ക് തോന്നിയത് ഭയങ്കര രസമുണ്ടല്ലോ എന്നായിരുന്നു.
ഉദയനാണ് താരം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് രണ്ട് കൂട്ടുകാർ ചേർന്ന് സിനിമയിൽ അവസരം അന്വേഷിച്ചു പോവുന്ന ഒരു കഥ ആലോചിച്ചാല്ലോയെന്ന് എനിക്ക് തോന്നിയത്. അതിൽ എന്ത് ചെയ്യാമെന്ന് ആലോചിച്ചപ്പോഴാണ് ചെറുപ്പം തൊട്ട് അച്ഛൻ പറഞ്ഞ കഥകളും, പിന്നെ മാഗസിനുകളിൽ നിന്ന് വായിച്ചതും പല ആളുകളും പറഞ്ഞു കേട്ടതുമായ കോടമ്പാക്കം കഥകളെ ബേസ് ചെയ്ത് എഴുപതുകളിലെ ഒരു കഥ പറയാമെന്ന് തോന്നിയത്. 70 എന്ന് പറയുമ്പോൾ തന്നെ എനിക്കിത് ഇപ്പോൾ കഴിയില്ലെന്ന് കരുതി അവിടെ തന്നെ വെച്ചു. വർക്കൊന്നും ചെയ്തില്ല.
പിന്നീട് ഓരോ വർഷങ്ങൾ കഴിയുമ്പോഴും യാത്രങ്കളിലൂടെയും അനുഭവങ്ങളിലൂടെയുമെല്ലാം ആ കഥ ഇങ്ങനെ വളർന്ന് വരാൻ തുടങ്ങി.