| Monday, 25th March 2024, 2:09 pm

അച്ഛന്റെയോ ലാലങ്കിളിന്റേയോ കഥയല്ല വര്‍ഷങ്ങള്‍ക്കു ശേഷം, എന്നാല്‍ അന്ന് നടന്ന ആ സംഭവവുമായി ബന്ധമുണ്ട്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഏപ്രിൽ ആദ്യവാരം തിയേറ്ററുകളിൽ എത്തും.

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു,വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെയും ശ്രീനിവാസന്റെയും കഥയാണോയെന്ന്. ചിത്രത്തിന്റെ ട്രെയ്ലറും പാട്ടും ഇറങ്ങിയതോടെ പ്രണവ് മോഹൻലാലിന് മോഹൻലാലുമായുള്ള സാമ്യതകളടക്കം പറഞ്ഞ് ചിലർ ഇതിനെ കുറിച്ച് വീണ്ടും ചർച്ചയാരംഭിച്ചിരുന്നു.

എന്നാൽ ഇത് അവരുടെ കഥയല്ല എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. പലരിൽ നിന്നും കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ കാര്യങ്ങളാണ് സിനിമയ്ക്ക് വേണ്ടി എടുത്തിട്ടുള്ളതെന്നും ചില സംഭവങ്ങളുമായി സാമ്യം തോന്നാമെന്നും വിനീത് പറഞ്ഞു. ലീഫി സ്റ്റോറീസിനോട് സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസൻ.

‘അല്ല അങ്ങനെ അവരുടെ കഥയൊന്നുമല്ല വർഷങ്ങൾക്ക് ശേഷം. എന്റെയൊക്കെ ചെറുപ്പത്തിൽ ഞാൻ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട എഴുപതുകളിലെ കഥകളാണ് അതെല്ലാം. കോടമ്പാക്കത്തിലെ കഥകളൊക്കെ നമ്മുടെ ചുറ്റും നിൽക്കുന്നവരിൽ നിന്ന് ഒരുപാട് കേട്ടിട്ടുണ്ട്.

അന്നത്തെ കുറേ മാഗസിനുകളിലും സിനിമയുമായി ബന്ധപ്പെട്ട മദിരാശി കഥകൾ ഉണ്ടാവുമായിരുന്നു. അച്ഛന്റെ സുഹൃത്തുക്കൾ പലരും വീട്ടിൽ വരുമ്പോൾ പറഞ്ഞ് കേട്ടിട്ടുണ്ട്. അച്ഛൻ സിനിമയിൽ ജോയിൻ ചെയ്യാൻ പോയതും, സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പറിൽ ചെന്നതും അവരുടെ ലോഡ്ജിലെ താമസവും തമാശകളും അങ്ങനെ കുറേ കാര്യങ്ങൾ കേട്ടിട്ടുണ്ട്.

അങ്ങനെ അവിടെയും ഇവിടെയും കേട്ടിട്ടുള്ള പല കഥകൾ ഞാൻ സിനിമയിലേക്ക് എടുത്തിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. പക്ഷെ അതൊന്നും ആരുടേയും ജീവചരിത്രം പോലെയൊന്നുമല്ല. പക്ഷെ ശരിക്കും നടന്നിട്ടുള്ള ചില തമാശകൾ സിനിമയിലുണ്ട്.

വർഷങ്ങൾക്ക് ശേഷത്തിന്റെ സ്ക്രിപ്റ്റ് ഞാൻ പ്രിയനങ്കിളിന്റെ( പ്രിയദർശൻ) അടുത്ത് പോയി ചർച്ച ചെയ്തിരുന്നു. അപ്പോൾ അദ്ദേഹം ചില കാര്യങ്ങൾ ഇങ്ങോട്ട് പറഞ്ഞു. അതിൽ ഒന്ന് രണ്ട് സാധനങ്ങൾ ഞാൻ സിനിമയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. അങ്ങനെ പലരും പല സമയങ്ങളിലായി പറഞ്ഞ് ഞാൻ കേട്ടിട്ടുള്ള ചില കാര്യങ്ങൾ ഇതിലെ സീനുകളിൽ വന്നിട്ടുണ്ട്.

ഒരു സീനിലേക്ക് ഞാൻ എഴുതിയ ഒരു സാധനമുണ്ട്. കൃഷ്ണ ചന്ദ്രൻ ചേട്ടൻ ഇതിൽ അഭിനയിച്ചിട്ടുണ്ട്. അത് കണ്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, ഇത് നടന്ന സംഭവമാണെന്ന്. ഇത് ആരൊക്കെ തമ്മിൽ നടന്നതാണെന്ന് എനിക്കറിയില്ല. അതൊക്കെ വേറേ പലരിൽ നിന്നും ഞാൻ കേട്ടറിഞ്ഞതാണ്. കൃഷ്ണചന്ദ്രൻ ചേട്ടൻ വന്നപ്പോൾ പറഞ്ഞു, ഇത് ഇന്ന ആൾ ഇന്ന ആളോട് പറഞ്ഞ കാര്യമാണെന്ന്. അത് ആ രണ്ടുപേർ തമ്മിലുള്ള ഇൻട്രാക്ഷൻ ആണെന്ന് അന്നാണ് ഞാൻ അറിഞ്ഞത്,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Talk About Varshangalk Shesham And Mohanlal And Sreenivasan

Latest Stories

We use cookies to give you the best possible experience. Learn more