പ്രേമലുവിൽ ഹൃദയത്തിനിട്ട് അവർ നല്ല താങ്ങു താങ്ങിയിട്ടുണ്ട്, പക്ഷെ അതൊന്നും പ്രശ്നമേയല്ല: വിനീത് ശ്രീനിവാസൻ
Entertainment
പ്രേമലുവിൽ ഹൃദയത്തിനിട്ട് അവർ നല്ല താങ്ങു താങ്ങിയിട്ടുണ്ട്, പക്ഷെ അതൊന്നും പ്രശ്നമേയല്ല: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th April 2024, 3:50 pm

നടന്‍, ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ആളാണ് വിനീത് ശ്രീനിവാസന്‍. സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റാക്കിയ വിനീതിന്റെ ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.

ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയും അതിഥിവേഷത്തിലെത്തുന്നുണ്ട്. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രം 1970കളുടെ പശ്ചാത്തലത്തില്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്.


ചില താരങ്ങളെ ട്രോൾ ചെയ്യുന്ന സീനുകൾ ഉൾപ്പെടുത്തിയാണ് വിനീത് വർഷങ്ങൾക്ക് ശേഷം ഒരുക്കിയിട്ടുള്ളത്. നിവിൻ പോളി, പ്രണവ് മോഹൻലാൽ തുടങ്ങിയ താരങ്ങളുടെ അത്തരത്തിലുള്ള ഡയലോഗുകൾ തിയേറ്ററിൽ കയ്യടി നേടുന്നുണ്ട്. ഈ ട്രോളുകളെല്ലാം എല്ലാവരും എൻജോയ് ചെയ്യുന്നതാണെന്നും ഇതൊന്നും അവർക്ക് പ്രശ്നമില്ലെന്നും വിനീത് പറയുന്നു.

പ്രേമലു എന്ന ചിത്രത്തിൽ ഹൃദയം സിനിമയെ നന്നായി താങ്ങുന്നുണ്ടെന്നും അതുപോലെ പ്രേമലുവിന്റെ നിർമാതാക്കളായ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരെ ഇതിലും ട്രോള്ളുന്നുണ്ടെന്നും വിനീത് പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു വിനീത്.

‘വർഷങ്ങൾക്ക് ശേഷത്തിൽ ഞങ്ങൾ ഒരുപാട് ട്രോളുകൾ ഉപയോഗിച്ചിട്ടുണ്ട്. അപ്പുവിനെ ഞങ്ങൾ ട്രോൾ ചെയ്തിട്ടുണ്ട്. ആ സീനിൽ അപ്പു തന്നെ ഡബ്ബും ചെയ്തിട്ടുണ്ട്.

നിവിൻ നമ്മുടെ അടുത്ത സുഹൃത്താണ്. അവൻ ഭീകരമായി നമ്മളെ അറ്റാക്ക് ചെയ്യുന്നുണ്ട്. നിവിൻ പറയുന്ന, അവന്റെ മകനും ഇവന്റെ മകനും എന്നൊക്കെയുള്ള ഡയലോഗുകൾ നമുക്കുള്ള അറ്റാക്കാണ്. അങ്ങനെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടുമാവുമ്പോൾ പ്രശ്നം ഇല്ലല്ലോ.

അതുപോലെ ഇതിൽ, അതെ അതെ എന്ന് പറയുന്ന ഒരു സാധനമുണ്ട്. അത് ഷാനു( ഫഹദ് ഫാസിൽ)വിന് ഉള്ളതാണ്. അവനും നമ്മുടെ സുഹൃത്താണ്. ഇതൊന്നും ആർക്കും പ്രശ്നമാവുന്ന കാര്യങ്ങളുമല്ല ആളുകളുമല്ല. പ്രേമലുവിൽ ഹൃദയത്തിനിട്ട് അവർ നല്ല താങ്ങു താങ്ങിയിട്ടുണ്ട്.

അതുപോലെ തന്നെ വർഷങ്ങൾക്ക് ശേഷത്തിൽ പോത്തേട്ടനെയും ശ്യാമിനെയും കുറിച്ചുമെല്ലാം പറയുന്നുണ്ട്. എല്ലാം നമ്മുടെ ആളുകൾ ആയതുകൊണ്ട് ആർക്കും ഒരു പ്രശ്നവുമില്ല,’വിനീത് പറയുന്നു.

 

Content Highlight: Vineeth Sreenivasan Talk About Trolls In Varshangalkk Shesham Movie