| Sunday, 7th January 2024, 10:16 am

നിവിൻ ബിരിയാണിയെന്ന് പറഞ്ഞതും ജോമോൻ ക്യാമറ സൂം ചെയ്തു, തട്ടത്തിൻ മറയത്തിലെ സീനിനെ കുറിച്ച് വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങി തിയേറ്ററിൽ വമ്പൻ വിജയമായി മാറിയ റൊമാന്റിക് ചിത്രമായിരുന്നു തട്ടത്തിൻ മറയത്ത്.

നിവിൻ പോളിയുടെ കരിയറിലെ വലിയ വിജയമായ ചിത്രം ഗംഭീര സ്വീകാര്യത നേടിയിരുന്നു.

നിവിൻ പോളിയോടൊപ്പം ഒരുപാട് ഓർമകൾ തനിക്കുണ്ടെന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ. തട്ടത്തിൻ മറയത്തിൽ നിവിൻ പോളിയുടെ കഥാപാത്രം നായികയെ പ്രൊപ്പോസ് ചെയ്യുന്ന സീനിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

ഷൂട്ട്‌ ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിൽ ക്യാമറ പെട്ടെന്ന് സൂം ആവുന്നുണ്ടെന്നും എന്നാൽ അത് ക്യാമറാമാൻ ജോമോൻ ടി.ജോണിന്റെ കൈ സ്ലിപ് ആയി പോയതാണെന്നും വിനീത് പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിനോട്‌ സംസാരിക്കുകയായിരുന്നു വിനീത്.

‘നിവിനെ ഞാൻ ആദ്യമായി കാണുന്നത് മലർവാടിയുടെ ഓഡിഷനാണ്. അന്നൊരു ബ്ലാക്ക് ഷർട്ടൊക്കെ ഇട്ട് കാലൊക്കെ വയ്യാതിരിക്കുന്ന സമയമായിരുന്നു അത്. സ്ട്രച്ചസിലൊക്കെയാണ് വന്നത്. അവിടുന്ന് തൊട്ട് ഒരുപാട് ഓർമകൾ അവനോടൊപ്പം ഉണ്ടല്ലോ.

തട്ടത്തിൻ മറയത്ത് ചെയ്യുന്ന സമയത്തെ രസമുള്ള ഒരുപാട് അനുഭവങ്ങളുണ്ട്. ബസിനകത്ത് ഷൂട്ട്‌ ചെയ്തതും ആയിഷയെ പ്രൊപോസ് ചെയ്യുന്ന സീൻ ഷൂട്ട്‌ ചെയ്തതുമെല്ലാം മറക്കാൻ പറ്റില്ല. ക്യാമറയ്ക്ക് മുന്നിൽ അവനും പിന്നിൽ ഞാനും ജോമോനും, നമ്മൾ പാട്ടൊക്കെ വെച്ചാണ് ഷൂട്ട്‌ ചെയ്തത്.

തട്ടത്തിൽ നിവിൻ ആയിഷയെ പ്രൊപ്പോസ് ചെയ്യുന്ന സീൻ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാവും, ‘പത്ത് പതിനാല് ദിവസം ഭക്ഷണം കഴിക്കാത്തവന്റെ മുന്നിൽ ചിക്കൻ ബിരിയാണി വെച്ചാൽ എങ്ങനെയുണ്ടാവുമെന്ന്’ നിവിൻ പറയുമ്പോൾ പെട്ടെന്ന് ക്യാമറ ഒന്ന് സൂം ആവുന്നുണ്ട്.

ആ സീൻ കാണുമ്പോൾ ഇപ്പോഴും ഞാൻ വിചാരിക്കും, ബിരിയാണിയെന്ന് പറയുമ്പോൾ ജോമോൻ എന്തിനാണ് സൂം ചെയ്യുന്നതെന്ന്.

സത്യത്തിൽ ജോമോന്റെ കൈ തട്ടി പോയതാണ്. ജോമോൻ ഭയങ്കര എൻജോയ് ചെയ്ത് ഷൂട്ട്‌ ചെയ്യുന്നതിനിടയിൽ അവന്റെ കൈ സ്ലിപ്പായി പോയതാണ്. ഇനി കാണുമ്പോൾ ശ്രദ്ധിച്ചാൽ മതി,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Talk About Thattathin Marayathu And Nivin Pauly

We use cookies to give you the best possible experience. Learn more