| Thursday, 25th April 2024, 2:57 pm

വിജയിച്ചില്ലെങ്കിലും അഭിനയിച്ച ചിത്രങ്ങളിൽ ഞാൻ ഏറ്റവും ആസ്വദിച്ചു കണ്ടത് ആ പടമാണ്: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടൻ, ഗായകൻ, സംവിധായകൻ തുടങ്ങിയ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് വിനീത് ശ്രീനിവാസൻ.

ഗായകനായി കരിയർ തുടങ്ങിയ വിനീത് ശ്രീനിവാസൻ, ഇന്ന് മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരാളാണ്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ് ആക്കിയിട്ടുള്ള വിനീതിന്റെ ഏറ്റവും പുതിയ സിനിമ ‘ വർഷങ്ങൾക്ക് ശേഷം’ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

നടനായും വിജയ ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ആളാണ് വിനീത് ശ്രീനിവാസൻ. താൻ അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമയെ കുറിച്ച് പറയുകയാണ് വിനീത്.
നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത് ശ്യാം പുഷ്കരന്റെ രചനയിൽ ഒരുങ്ങിയ തങ്കം എന്ന ചിത്രത്തെ കുറിച്ചാണ് വിനീത് പറഞ്ഞത്.

തിയേറ്ററിൽ സൂപ്പർ ഹിറ്റ് അല്ലായിരുന്നുവെങ്കിലും കുറെ നാൾ കഴിഞ്ഞാൽ പ്രേക്ഷകർ തന്റെ വിജയ ചിത്രത്തേക്കാൾ സംസാരിക്കാൻ പോവുന്നത് തങ്കത്തെ കുറിച്ചായിരിക്കുമെന്ന് വിനീത് പറയുന്നു. താൻ ഏറ്റവും ആസ്വദിച്ച് കണ്ട സിനിമയാണ് തങ്കമെന്നും ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

‘തങ്കം റിലീസായത് കണ്ടപ്പോൾ ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു. ബോക്സ്‌ ഓഫീസിൽ വലിയ സൂപ്പർ ഹിറ്റായോ ഇല്ലയോ എന്നതല്ല. അതിനപ്പുറം ഒരു വാല്യൂവും ലൈഫുമുള്ള ചിത്രമാണ് തങ്കം.

അതവിടെ നിന്നോളും എന്റെ സൂപ്പർ ഹിറ്റായിട്ടുള്ള പടങ്ങളെ കുറിച്ചും ഞാൻ സംവിധാനം ചെയ്ത സിനിമകളെ കുറിച്ചൊന്നും കുറച്ച് നാളുകഴിഞ്ഞാൽ ആരും സംസാരിക്കില്ല. പക്ഷെ തങ്കത്തെ പറ്റി ആളുകൾ സംസാരിക്കും.

എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമയാണത്. ഞാൻ അഭിനയിച്ച പടങ്ങളിൽ ഞാൻ ഏറ്റവും ആസ്വദിച്ചു കണ്ട പടം തങ്കമാണ്,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Talk About Thangam Movie

We use cookies to give you the best possible experience. Learn more