'എഴുതിയെഴുതി ഒരു പതംവന്നു തുടങ്ങിയല്ലോ' എന്നായിരുന്നു ആ ചിത്രത്തിന്റെ തിരക്കഥ കണ്ടപ്പോൾ അച്ഛൻ പറഞ്ഞത്: വിനീത് ശ്രീനിവാസൻ
Entertainment
'എഴുതിയെഴുതി ഒരു പതംവന്നു തുടങ്ങിയല്ലോ' എന്നായിരുന്നു ആ ചിത്രത്തിന്റെ തിരക്കഥ കണ്ടപ്പോൾ അച്ഛൻ പറഞ്ഞത്: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th July 2024, 8:23 am

മലയാളികൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള ആളാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് ശ്രീനിവാസൻ, ഇന്ന് മലയാളത്തിലെ ഒരു ഹിറ്റ്‌ മേക്കർ സംവിധായകനും നടനും നിർമാതാവുമെല്ലാമാണ്. ഏറ്റവും ഒടുവിൽ വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രവും തിയേറ്ററിൽ ശ്രദ്ധ നേടിയിരുന്നു.

ഒരുപാട് പേരെ തന്റെ സിനിമയിലൂടെ മലയാളത്തിന് പരിചയപ്പെടുത്തിയ ആളാണ് വിനീത് ശ്രീനിവാസൻ. ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ നിവിൻ പോളി, അജു വർഗീസ്, തുടങ്ങി ഇന്ന് മലയാളത്തിലെ തിരക്കുള്ള താരങ്ങളെ വിനീത് കൈപിടിച്ചുയർത്തിയിരുന്നു.

മലർവാടിയുടെ തിരക്കഥ എഴുതുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അച്ഛൻ ശ്രീനിവാസന്റെ നിർദേശങ്ങളാണ് താൻ പിന്തുടർന്നതെന്നും വിനീത് പറയുന്നു. മലർവാടി ആർട്സ് ക്ലബ്ബിന്റെ തിരക്കഥ എട്ടുവട്ടമാണ് തിരുത്തിയെഴുതിയതെന്നും വിനീത് പറഞ്ഞു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു താരം.

‘ആദ്യസിനിമ എഴുതുമ്പോൾ എഴുത്തിൻ്റെ രീതി വശമില്ലാത്തതിൻ്റെ പ്രശ്നങ്ങൾ ഏറെയുണ്ടായിരുന്നു. അച്ഛൻ്റെ നിർദേശങ്ങളാണ് പുതിയ പല ചിന്തകളിലേക്കും അന്ന് വഴിതുറന്നത്. എഴുതിയത് ഓരോ തവണ കാണിക്കുമ്പോഴും അച്ഛൻ അപാകങ്ങൾ ചൂണ്ടിക്കാണിച്ചു.

‘മലർവാടി’യുടെ തിരക്കഥ എട്ടാമത്തെ തവണ മാറ്റിയെഴുതി കാണിച്ചപ്പോൾ അച്ഛൻ ചിരിച്ചു, എഴുതിയെഴുതി പതംവന്നു തുടങ്ങിയല്ലോ.. എന്ന കമൻ്റ് ഇപ്പോഴും മനസിലുണ്ട്. ഒരു വിഷയം മനസിൽ ശക്തമായി ഉരുത്തിരിഞ്ഞുവന്ന് പാകമായി എന്ന് മനസ് പറഞ്ഞാൽ മാത്രമേ എഴുത്ത് തുടങ്ങാറുള്ളൂ.

നിർമാതാക്കളെയും അഭിനേതാക്കളെയും പറഞ്ഞുറപ്പിച്ച് ആദ്യമേയൊരു പ്രൊജക്റ്റ് ഉണ്ടാക്കി സിനിമ ചെയ്യുന്ന രീതി ഇല്ല,’വിനീത് ശ്രീനിവാസൻ പറയുന്നു.

 

Content Highlight: Vineeth Sreenivasan Talk About suggestions of Sreenivasan For Script Writing