മലയാളികളുടെ പ്രിയതാരമാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ്ബിലൂടെ കടന്ന് വന്ന നിവിൻ പോളി അധികം വൈകാതെ തന്നെ സൗത്ത് ഇന്ത്യ മൊത്തം ആരാധകരുള്ള യുവ നടനായി മാറിയിരുന്നു.
നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ് ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ പോളി.
കുറച്ച് നാളുകളായി നല്ലൊരു വിജയ ചിത്രം താരത്തിന്റെതായി പുറത്തിറങ്ങിയിട്ടില്ല. എന്നാൽ ഏറ്റവും ഒടുവിൽ ഇറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷത്തിലെ നിവിന്റെ വേഷം വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നേടിയത്.
പഴയ എന്റർടൈനർ നിവിൻ പോളിയെ കുറച്ച് നേരത്തേക്ക് കിട്ടിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം. ചിത്രം ഗംഭീരമായി തിയേറ്ററിൽ ഓടുകയാണ്. ആദ്യമായി നിവിൻ പോളിയോട് കഥ പറഞ്ഞ അനുഭവം പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസൻ.
ആദ്യമായി കഥ കേട്ടപ്പോൾ നിവിന് അതൊരു ഷോക്ക് ആയിരുന്നുവെന്നാണ് വിനീത് പറയുന്നത്. ഇത് പ്രേക്ഷകർ സ്വീകരിക്കുമോ എന്ന സംശയം നിവിൻ പോളിക്ക് ഉണ്ടായിരിന്നുവെന്നും വിനീത് പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘നിവിനോട് ആദ്യം ഞാനിത് നറേറ്റ് ചെയ്തപ്പോൾ നിവിനൊരു ഷോക്ക് ആയിരുന്നു. ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു, നിവിനെ നമ്മൾ ചെയ്യാത്ത ഒരു സാധനമാണെന്ന്. നമ്മൾ ചെയ്ത് നിർത്തിയ ഒരു കാര്യം വീണ്ടും തുടങ്ങിയിട്ട് കാര്യമില്ല. അതുകൊണ്ട് ചെയ്യാത്ത ഒരു കാര്യത്തിലേക്ക് നമുക്ക് പോവാമെന്ന് പറഞ്ഞപ്പോൾ അവൻ എക്സൈറ്റ്മെന്റിലായി.
ഞാനിത് പറഞ്ഞ ഉടനെ എന്നോട്, സംഭവം നല്ല ഹ്യൂമറുണ്ട് പക്ഷെ ഇത് പ്രേക്ഷകരെ അറ്റാക്ക് ചെയ്യുന്ന പോലെ തോന്നുമോയെന്നവൻ ചോദിച്ചു. ഞാൻ പറഞ്ഞു ഒരിക്കലും അങ്ങനെ തോന്നില്ല. കാരണം പ്രേക്ഷകർക്കടക്കം ഒരു ചിന്തയുണ്ട് സാധാരണയിലധികം ഒരാളെ ആക്രമിക്കുമ്പോൾ ഒരു പ്രതികരണമുണ്ടാവും. അത് നമ്മൾ കാണാറുണ്ടല്ലോ.
ആദ്യം കുറച്ച് പേരെ അറ്റാക്ക് ചെയ്യും. അത് കഴിഞ്ഞ് എല്ലാവരും ചിരിക്കും. അവർ പിന്നെയും അത് തന്നെ തുടരും. അവസാനം ചിരിച്ച ആളുകൾ വിചാരിക്കും എന്തിനാണ് ഇനി ഇത് വിട്ട് കളഞ്ഞൂടെയെന്ന്. ആ സമയത്ത് നമ്മുടെ ഭാഗത്ത് നിന്നുള്ള പ്രതികരണമാണ് ഇത്. അതൊരിക്കലും പ്രേക്ഷകർക്കെതിരെയാണെന്ന് തോന്നില്ല,’വിനീത് ശ്രീനിവാസൻ പറഞ്ഞു.
Content Highlight: Vineeth Sreenivasan Talk About Story Telling Experince with Nivin Pauly