| Saturday, 5th October 2024, 4:12 pm

എന്റെ സിനിമ കണ്ടിട്ട് അച്ഛൻ നല്ലത് പറഞ്ഞിട്ടില്ല, പക്ഷെ ആ നിവിൻ ചിത്രത്തിന്റെ സ്ക്രിപ്റ്റ് അച്ഛനിഷ്ടമാണ്: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള ആളാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് ശ്രീനിവാസൻ, ഇന്ന് മലയാളത്തിലെ ഒരു ഹിറ്റ്‌ മേക്കർ സംവിധായകനും നടനും നിർമാതാവുമെല്ലാമാണ്. ഏറ്റവും ഒടുവിൽ വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രവും തിയേറ്ററിൽ ശ്രദ്ധ നേടിയിരുന്നു.

ഒരുപാട് പേരെ തന്റെ സിനിമയിലൂടെ മലയാളത്തിന് പരിചയപ്പെടുത്തിയ ആളാണ് വിനീത് ശ്രീനിവാസൻ. ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ നിവിൻ പോളി, അജു വർഗീസ്, തുടങ്ങി ഇന്ന് മലയാളത്തിലെ തിരക്കുള്ള താരങ്ങളെ വിനീത് കൈപിടിച്ചുയർത്തിയിരുന്നു.

പ്ലസ് ടു കഴിയുമ്പോഴാണ് താൻ അച്ഛനോട് സിനിമയിലുള്ള താത്പര്യം പറയുന്നതെന്നും എന്നാൽ ബിരുദ പഠനം കഴിയുന്നത് വരെ അതിനെ കുറിച്ച് ചിന്തിക്കേണ്ടെന്നായിരുന്നു അച്ഛൻ പറഞ്ഞതെന്നും വിനീത് പറയുന്നു.

മലർവാടി ആർട്സ് ക്ലബ്ബിന്റെ സ്ക്രിപ്റ്റിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും തട്ടത്തിൻ മറയത്തിന്റെ സ്ക്രിപ്റ്റ് കണ്ടപ്പോഴാണ് അച്ഛൻ നല്ല അഭിപ്രായം പറഞ്ഞതെന്നും വിനീത് പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു വിനീത്.

‘പ്ലസ് ടു കഴിയുന്ന സമയത്ത് തന്നെ ഞാൻ അച്ഛനോട് സിനിമയാണ് എനിക്ക് താത്പര്യം എന്ന് പറഞ്ഞു. ‘ബിരുദപഠനം കഴിയുന്നത് വരെ അതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ട. അതുകഴിഞ്ഞ് എന്താണെന്നുവെച്ചാൽ നിനക്ക് തീരുമാനിക്കാം’ എന്നായിരുന്നു അച്ഛൻ്റെ നിലപാട്.

അപ്പോഴും സിനിമ എന്ന എൻ്റെ ആഗ്രഹത്തെ എതിർക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്‌തിട്ടില്ല. എന്റെ ഇരുപത്തിനാലാം വയസിലാണ് മലർവാടി ആർട്‌സ് ക്ലബ് എന്ന സിനിമയെഴുതുന്നത്.

മലർവാടിയുടെ സമയത്ത് ഞാൻ ആദ്യം എഴുതിയതിലൊക്കെ പ്രശ്ന‌ങ്ങൾ ഉണ്ടായിരുന്നു. ഓരോ തവണ എഴുതിയിട്ട് ഞാൻ അച്ഛനെ കാണിക്കും. അച്ഛനത് വായിച്ച് പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ അങ്ങനെ ചെയ്യാമല്ലോ എന്നൊരു ഐഡിയ കിട്ടും. മലർവാടിയുടെ തിരക്കഥ എട്ടാമത്തെ തവണ മാറ്റിയെഴുതി അച്ഛനെ കാണിച്ചു. അപ്പോൾ ഒരു സീൻ വായിച്ച് അച്ഛൻ ചിരിച്ചു.

എഴുതിയെഴുതി പതംവന്നുതുടങ്ങിയിട്ടുണ്ടല്ലോ എന്നുപറഞ്ഞു. എൻ്റെ സിനിമകൾ കണ്ടിട്ട് അച്ഛൻ ഇതുവരെ കൊള്ളാമെന്ന് പറഞ്ഞിട്ടില്ല. തട്ടത്തിൻ മറയത്തിൻ്റെ തിരക്കഥ വായിച്ചപ്പോൾ അച്ഛൻ വളരെ സന്തോഷത്തോടെ നല്ല അഭിപ്രായം പറഞ്ഞിരുന്നു. സത്യം പറഞ്ഞാൽ, ഞാൻ അച്ഛൻ്റെയടുത്ത് എൻ്റെ സിനിമകളെ കുറിച്ച് അഭിപ്രായം ചോദിക്കാറില്ല,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan talk About Sreenivasan And Script Of Thattathin marayath

We use cookies to give you the best possible experience. Learn more