നടന്‍, ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ആളാണ് വിനീത് ശ്രീനിവാസന്‍. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് ആദ്യമായി അഭിനയിക്കുന്ന ചിത്രം ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിൾ ആയിരുന്നു. വിനീത് ശ്രീനിവാസൻ, ഭാമ, വിനു മോഹൻ തുടങ്ങിയവർ അഭിനയിച്ച ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഓർമകൾ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസൻ. ചിത്രത്തിലെ ഒരു ഷോട്ട് തലശ്ശേരിയിലെ ഒരു മാളിൽ വച്ചാണ് ഷൂട്ട് ചെയ്തതെന്നും ഒരുപാട് ടേക്കെടുത്ത് അവസാനം അത് റെഡിയായപ്പോൾ മാളിലെ എല്ലാവരും കയ്യടിച്ചെന്നും വിനീത് പറയുന്നു. ഷൂട്ട് കണ്ടു നിന്ന ഒരാൾ തന്നോട് പാട്ട് പാടിയാൽ പോരെയെന്ന് ചോദിച്ചെന്നും വിനീത് പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
‘തലശ്ശേരിയിലെ ഒരു മാളിലാണ് ആ സീൻ ഷൂട്ട് ചെയ്തത്. ഞാനും ഭാമയും കൂടെയുള്ള ഒരു കോമ്പിനേഷൻ സീൻ ആയിരുന്നു. ഭാമയ്ക്ക് ഒരു രണ്ടായിരം രൂപ കൊടുത്ത് ഒന്ന് ചിരിക്കണം. അത്രേയുള്ളൂ.
പക്ഷെ ഈ ചിരി ശരിയാവുന്നേയില്ല. 22 ടേക്കൊക്കെ പോയി. ലാസ്റ്റ് 23ാമത്തെ ടേക്ക് ഓക്കേ ആയപ്പോൾ മാളിലുള്ള ഫുൾ ആളുകൾ കയ്യടിച്ചു. ഞാൻ ശരിക്കും നാണംകെട്ടു.
ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് ഫസ്റ്റ് ഫ്ലോറിലേക്ക് എത്തിയിട്ട് വേണം ഭക്ഷണം കഴിക്കാൻ പോവാൻ. ഞാൻ അങ്ങനെ കയറി വരുമ്പോൾ ഒരു പയ്യൻ, നമ്മുടെ നാട്ടിലുള്ള ഒരു തലശ്ശേരിക്കാരൻ. അവൻ ഇങ്ങനെ എന്നെ നോക്കിയിട്ട്, പാട്ട് പാടിയാൽ പോരെയെന്ന് ചോദിച്ചു. ശരിക്കും ഞാൻ നാറി പോയി, വിനീത് ശ്രീനിവാസൻ പറയുന്നു.
അതേസമയം,സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റാക്കിയ വിനീതിന്റെ ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തില്‍ നിവിന്‍ പോളിയും അതിഥിവേഷത്തിലെത്തുന്നുണ്ട്. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രം 1970കളുടെ പശ്ചാത്തലത്തില്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്.
Content Highlight: Vineeth Sreenivasan Talk About Shooting Experience of Cycle Movie