നടന്‍, ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ആളാണ് വിനീത് ശ്രീനിവാസന്‍. സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റാക്കിയ വിനീതിന്റെ ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.
ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയും അതിഥിവേഷത്തിലെത്തുന്നുണ്ട്. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രം 1970കളുടെ പശ്ചാത്തലത്തില്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്.
മുമ്പത്തെ ചിത്രമായ ഹൃദയം വലിയ വിജയമായിരുന്നെങ്കിലും ഒ. ടി. ടി റിലീസിന് പിന്നാലെ ചിത്രം ക്രിഞ്ചാണെന്ന തരത്തിൽ ഒരുപാട് അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. വർഷങ്ങൾക്ക് ശേഷത്തിനും സമാനമായ ചില അഭിപ്രായങ്ങൾ വരുന്നുണ്ട്.
എന്നാൽ താൻ ഒരുപാട് നൊസ്റ്റാൾജിയയുള്ള ഒരാളാണെന്നും ക്രിഞ്ച് എന്ന് പറയുന്ന കാര്യം കണക്റ്റ് ആവുന്ന ഒരുപാട് പ്രേക്ഷകർ ഉണ്ടെന്നും അവരെയും നമ്മൾ പരിഗണിക്കണമെന്നും. വിനീത് പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു വിനീത്.
‘നമ്മൾ റൊമാൻസ് തൊട്ടാൽ അല്ലെങ്കിൽ പഴയകാലമോ നൊസ്റ്റാൾജിയയോ തൊട്ടാൽ ഇന്ന് കണക്റ്റ് ആവാത്ത പലതിനെയും ആളുകൾ ക്രിഞ്ച് എന്ന് പറയുമല്ലോ. പക്ഷെ നമ്മൾ ഒരു വലിയ വിഭാഗം പ്രേക്ഷകരെ കുറിച്ച് ചിന്തിക്കണമല്ലോ. കുറച്ചാളുകൾ നമ്മളെ വിമർശിക്കുമെന്നത് വലിയ പ്രശ്നമാക്കിയെടുത്തിട്ട് സോഷ്യൽ മീഡിയ വേൾഡിനെ മാത്രം പരിഗണിച്ചുകൊണ്ട് നമ്മൾ സിനിമ ചെയ്യാൻ തുടങ്ങിയാൽ നമ്മുടെ പടം അത്രയേ സ്വീകരിക്കപ്പെടുകയുള്ളൂവെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
അതെന്റെ ഉള്ളിലുള്ള ഒരു തോട്ടാണ്. പിന്നെ ഞാൻ ഒരുപാട് നൊസ്റ്റാൾജിയ ഉള്ളൊരു മനുഷ്യനാണ്. എന്നെപ്പോലുള്ള മനുഷ്യൻമാരും ഒരുപാടുണ്ട്. അപ്പോൾ ഞാൻ അവരെയും പരിഗണിക്കേണ്ടേ,’വിനീത് ശ്രീനിവാസൻ പറയുന്നു.
2018 സിനിമ ചെയ്യുമ്പോൾ ജുഡ് ആന്തണി ജോസഫ് ചില സീനുകൾ ക്രിഞ്ചാണെന്ന് അറിഞ്ഞിട്ടും ഉൾപ്പെടുത്തിയിരുന്നുവെന്നും വിനീത് പറഞ്ഞു. സത്യൻ അന്തിക്കാടിന്റെ സിനിമകളെല്ലാം പ്രേക്ഷകർക്ക് കണക്റ്റ് ചെയ്യുന്നതാണെന്നും വിനീത് പറഞ്ഞു.
‘2018ൽ ജൂഡ് മനഃപൂർവം വെച്ച ചില സീനുകളുണ്ട്. സോഷ്യൽ മീഡിയകളിൽ അതിനെ ക്രിഞ്ചെന്ന് പറയും. പക്ഷെ അതൊരുപാട് പ്രേക്ഷകർക്ക് കണക്റ്റ് ആവുന്ന ഒന്നാണ്.
സത്യനങ്കിളിന്റെ ( സത്യൻ അന്തിക്കാട്) സിനിമകളിലെ അതിന്റെയെല്ലാം ബേസിക് ഇമോഷൻസ് പെട്ടെന്ന് കണക്റ്റ് ആവും മനുഷ്യൻമാർക്ക്,’വിനീത് പറഞ്ഞു.
Content Highlight: Vineeth Sreenivasan Talk About Sathyan Anthikkad’s Movies