| Tuesday, 9th April 2024, 4:14 pm

പടം വിജയിക്കില്ലെന്ന് കരുതി, മമ്മൂട്ടിയുടെ ആ ഭാഗം മാത്രം മതി പടം ഹിറ്റാവാനെന്ന് ധ്യാൻ പറഞ്ഞു, അത് തന്നെ സംഭവിച്ചു: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനിവാസന്റെ രചനയിൽ എം.മോഹനൻ സംവിധാനം ചെയ്ത് തിയേറ്ററിൽ വലിയ വിജയമായ ചിത്രമായിരുന്നു കഥപറയുമ്പോൾ. ശ്രീനിവാസൻ, മമ്മൂട്ടി, മീന തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ വിജയമായിരുന്നു.

എന്നാൽ ചിത്രം ആദ്യമായി കണ്ടപ്പോൾ സിനിമയിൽ വലിയ പ്രതീക്ഷയില്ലായിരുന്നു എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്.

ചിത്രത്തിന്റെ ക്ലൈമാക്സ്‌ പോർഷൻ മാത്രമായിരുന്നു എല്ലാർക്കും ഇഷ്ടമായതെന്നും സിനിമ തിയേറ്ററിൽ ഓടുമോയെന്ന് സംശയം ഉണ്ടായിരുന്നുവെന്നും വിനീത് പറയുന്നു. എന്നാൽ ചിത്രം വലിയ വിജയമാവുമെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞിരുന്നുവെന്നും
ക്ലൈമാക്സിലെ മമ്മൂട്ടിയുടെ പോർഷൻ മാത്രം മതി ചിത്രം വിജയമാവാനെന്ന് ധ്യാൻ പറഞ്ഞെന്നും വിനീത് പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു വിനീത്.

‘കഥപറയുമ്പോളിന്റെ സ്‌ക്രീനിങ് കഴിഞ്ഞപ്പോൾ അതിന്റെ ക്ലൈമാക്സ്‌ മാത്രമേ എല്ലാവർക്കും വർക്ക്‌ ആയുള്ളൂ. ക്ലൈമാക്സിലെ മമ്മൂട്ടി അങ്കിളിന്റെ സ്പീച്ചുണ്ടല്ലോ, അത് മാത്രമേ എല്ലാവർക്കും വർക്കായിട്ടുള്ളൂ. ടോട്ടൽ ഫിലിമിൽ എല്ലാവർക്കും നല്ല സംശയം ഉണ്ടായിരുന്നു.

അന്ന് ധ്യാൻ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു പടം നന്നായി ഓടുമെന്ന്. ഞാൻ അപ്പോൾ അവനോട് പറഞ്ഞു, ധ്യാനെ നമ്മുടെ അടുത്ത് ഒന്നുമില്ല പടത്തിന്റെ അവസാനം വരെ. ആകെ ആ ക്ലൈമാക്സ്‌ മാത്രമേയുള്ളൂവെന്ന്. അപ്പോൾ ധ്യാൻ പറഞ്ഞു ആ ക്ലൈമാക്സിന്റെ ബലത്തിൽ പടം ഓടുമെന്ന്,’വിനീത് പറഞ്ഞു.

വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നതിനിടയിൽ ഇത് ചേട്ടന്റെ നല്ല സിനിമയായിരിക്കുമെന്ന് ധ്യാൻ പറഞ്ഞിരുന്നുവെന്നും വിനീത് കൂട്ടിച്ചേർത്തു.

‘വർഷങ്ങൾക്ക് ശേഷം ഷൂട്ട് ചെയ്യുന്നതിന്റെ മൂന്നാമത്തെ ദിവസം ധ്യാൻ എന്നോട് ഒരു കാര്യം പറഞ്ഞു. വർഷങ്ങൾക്ക് ശേഷത്തെ കുറിച്ച് ധ്യാൻ പറയുന്ന ആദ്യത്തെ കമന്റ്‌ ആയിരുന്നുവത്. ചിത്രത്തിന്റെ രണ്ടാം പകുതിയെ കുറിച്ചൊന്നും ആർക്കും അറിയില്ല.

ഒരു സീൻ എടുക്കുന്നതിനിടയിൽ അവൻ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, ഇത് ചിലപ്പോൾ ഏട്ടന്റെ ഏറ്റവും നല്ല സിനിമയായിരിക്കുമെന്ന്. ഞാൻ പറഞ്ഞു ധ്യാനെ ഇപ്പോഴെ ഇങ്ങനെ പറയല്ലേ ഇനിയും ഷൂട്ട്‌ ബാക്കിയുണ്ടെന്ന്. ധ്യാൻ പറഞ്ഞു, അല്ല ഞാൻ പറഞ്ഞതാണെന്ന്,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Talk About Prediction Of Dhyan Sreenivasan’s About Kadhaparayumbol Movie

Latest Stories

We use cookies to give you the best possible experience. Learn more