ആ ചിത്രത്തിൽ അവർ മൂന്നുപേരും വേണമെന്ന് എനിക്ക് നിർബന്ധമായിരുന്നു: വിനീത് ശ്രീനിവാസൻ
Entertainment
ആ ചിത്രത്തിൽ അവർ മൂന്നുപേരും വേണമെന്ന് എനിക്ക് നിർബന്ധമായിരുന്നു: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th March 2024, 3:41 pm

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഏപ്രിൽ ആദ്യവാരം തിയേറ്ററുകളിൽ എത്തും.

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ – വിനീത് ശ്രീനിവാസൻ ഒന്നിക്കുന്ന ചിത്രം, കാലങ്ങൾക്ക് ശേഷം നിവിൻ പോളി അഭിനയിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം അങ്ങനെ നിരവധി പ്രത്യേകതകളുള്ള ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.

ചിത്രത്തിൽ ധ്യാനും പ്രണവും നിവിൻ പോളിയും വേണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നുവെന്നും അല്ലെങ്കിൽ ഒരുപക്ഷെ സിനിമ നടക്കില്ലായിരുന്നുവെന്നും വിനീത് പറയുന്നു. ആ കഥാപാത്രങ്ങൾ അവർക്ക് നന്നായി ചേരുമെന്നും വിനീത് പറഞ്ഞു. ലീഫി സ്റ്റോറീസിനോട് സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസൻ.

 

 

 

‘അപ്പുവും ധ്യാനും തന്നെ ആ വേഷത്തിൽ വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അല്ലെങ്കിൽ ആ സിനിമ നടക്കില്ല. പിന്നെ നിവിൻ. ഇവര് മൂന്ന് പേരും നിർബന്ധമായും ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിച്ച കഥാപാത്രങ്ങളാണ്.

തിരക്കഥ എഴുതി കഴിഞ്ഞപ്പോൾ നിവിൻ വേണമെന്ന് എനിക്ക് നിർബന്ധം തോന്നി. അത് അവരെന്റെ കൂട്ടുകാർ ആയതുകൊണ്ടല്ല. ഈ കഥാപാത്രങ്ങൾക്ക് അവർ കറക്റ്റ് ഫിറ്റാണ്,’ വിനീത് ശ്രീനിവാസൻ പറയുന്നു.

ആദ്യചിത്രമായ തിരയിൽ നിന്നും വർഷങ്ങൾക്ക് ശേഷത്തിൽ എത്തി നിൽക്കുമ്പോൾ ധ്യാൻ ശ്രീനിവാസന്റെ അഭിനയത്തിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നും പുറത്ത് പറയുന്നത് പോലെയല്ല ധ്യാൻ വർക്കിൽ വളരെ സീരിയസാണെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.

‘ഞാൻ തിരയിൽ ധ്യാനിന്റെ കൂടെ വർക്ക്‌ ചെയ്യുമ്പോൾ ധ്യാൻ വളരെ ചെറുപ്പമാണ്. അതവന്റെ ആദ്യത്തെ സിനിമയുമാണ്. ഇപ്പോൾ ഒരുപാട് സിനിമകളിൽ അഭിനയിച്ച് അവനും ശീലമായല്ലോ. അതുകൊണ്ട് തന്നെ ഇത്തവണ ധ്യാനിന്റെ കൂടെ വർക്ക്‌ ചെയ്യാൻ നല്ല എളുപ്പമായിരുന്നു. പല സമയത്തും ഞങ്ങൾ ഒന്നും പരസ്പരം പറയാറില്ല.

ഒരുപാട് ഇമോഷണലായിട്ടുള്ള സീനുകൾ വരുമ്പോൾ ഇതിങ്ങനെ ചെയ്തോട്ടെ എന്നൊക്കെ അവൻ ചോദിക്കാറുണ്ട്. അവൻ പുറത്ത് പറയുന്നത് പോലെയൊന്നുമല്ല വർക്ക്‌ ചെയ്യുന്ന സമയത്ത് അവൻ വലിയ സീരിയസാണ്. പുറമേ സീരിയസായിട്ട് കാണിക്കില്ല. പക്ഷെ ഇത്തിരി കോംപ്ലിക്കേറ്റഡായിട്ടുള്ള സീൻ ആണെങ്കിൽ ഒന്ന് മാറി നിന്ന് റിഹേഴ്സലൊക്കെ ചെയ്ത് നോക്കും. ആരും അറിയാതെയാണ് ചെയ്യുക,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Talk About Nivin Puay, Dhyan Sreenivasan, Pranav Mohanlal