ബോക്സ്‌ ഓഫീസിൻ തോഴാ, നീ തിരികെ വാടാ; നിവിനെ കുറിച്ചാണോ വരികളെന്ന ചോദ്യത്തിന് വിനീതിന്റെ മറുപടി
Entertainment
ബോക്സ്‌ ഓഫീസിൻ തോഴാ, നീ തിരികെ വാടാ; നിവിനെ കുറിച്ചാണോ വരികളെന്ന ചോദ്യത്തിന് വിനീതിന്റെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th April 2024, 4:44 pm

മലയാളത്തിൽ ഏറെ ആരാധകരുള്ള ആക്ടർ ഡയറക്ടർ കോമ്പോയാണ് നിവിൻ പോളി – വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസന്റെയും നിവിൻ പോളിയുടെയും ആദ്യ സിനിമയായിരുന്നു മലർവാടി ആർട്സ് ക്ലബ്ബ്‌.

ശേഷമിറങ്ങിയ തട്ടത്തിൻ മറയത്ത് എന്ന ചിത്രം വലിയ വിജയമായതോടെ ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങൾക്കായി പ്രേക്ഷകർ കാത്തിരിപ്പായി. ജേക്കബിന്റെ സ്വർഗരാജ്യം, വിനീതിന്റെ രചനയിൽ ഒരുങ്ങിയ വടക്കൻ സെൽഫി എന്നീ ചിത്രങ്ങളിലെല്ലാം നിവിന്റെ വലിയ വിജയമായ സിനിമകൾ ആയിരുന്നു.

എട്ടുവർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന സിനിമയിൽ അതിഥി വേഷത്തിലാണ് നിവിൻ പോളി എത്തുന്നത്.

ചിത്രം റിലീസാവാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിലെ ഒരു പാട്ട് വലിയ ശ്രദ്ധ നേടിയിരുന്നു. ബോക്സ്‌ ഓഫീസിൻ തോഴാ നീ തിരികെ വാടാ എന്ന പാട്ട് ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രത്തെ കുറിച്ചാണ്.

കുറച്ചുനാളായി ബോക്സ്‌ ഓഫീസിൽ തിളങ്ങാൻ പറ്റാതെ നിൽക്കുന്ന താരത്തിന് ഏറ്റവും അനുയോജ്യമായ ഒരു പാട്ടാണിത്. ഇത് നിവിൻ പോളിയെ വിചാരിച്ച് എഴുതിയതാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിനീത് ശ്രീനിവാസൻ.

ആ പാട്ട് ചിത്രത്തിലെ ഒരു സാഹചര്യത്തിന് ഏറ്റവും അനുയോജ്യമാണെന്നും അങ്ങനെ എഴുതിയതാണെന്നും വിനീത് പറയുന്നു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘നിവിൻ ഇത് ചെയ്യുന്നു എന്ന് പറഞ്ഞ സമയത്ത് തന്നെ തീരുമാനിച്ചതാണത്. ഇതിൽ ഒരു പർട്ടിക്കുലർ ഏരിയയുണ്ട്. ആ ഭാഗത്തേക്ക് വരുമ്പോൾ ഈ പാട്ട് ആ സീനിൽ ഉണ്ടെങ്കിൽ സിനിമയുടെ സാഹചര്യത്തിന് ചേർന്ന് നിൽക്കുമെന്ന് എനിക്ക് തോന്നി.

കുറെ നാൾ കഴിഞ്ഞിട്ടാണ് നിവിനെ എന്റെ ഒരു സിനിമയിലേക്ക് കിട്ടുന്നത്. അപ്പോൾ അതങ്ങ് സെലിബ്രേറ്റ് ചെയ്യാമെന്ന് തീരുമാനിച്ചു. വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയുടെ ഒരു തിരിച്ച് വരവാവട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Talk About Nivin Pauly’s Song In Varshangalkk Shesham Movie