ഒറ്റ മലയാളി പോലുമില്ലാതെ ഒരു തിയേറ്ററിൽ ഫുൾ കയ്യടികൾക്കിടയിൽ ഇരുന്ന് കണ്ട മലയാള ചിത്രമാണത്: വിനീത് ശ്രീനിവാസൻ
Entertainment
ഒറ്റ മലയാളി പോലുമില്ലാതെ ഒരു തിയേറ്ററിൽ ഫുൾ കയ്യടികൾക്കിടയിൽ ഇരുന്ന് കണ്ട മലയാള ചിത്രമാണത്: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st April 2024, 8:05 am

റിലീസ് ചെയ്തിട്ട് ദിവസങ്ങൾക്ക് ശേഷവും മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററിൽ തകർത്തോടുകയാണ്. ജാൻ-എ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസപദമാക്കിയായിരുന്നു ഒരുങ്ങിയത്.

എറണാകുളം മഞ്ഞുമ്മൽ സ്വദേശികളായ ഒരു കൂട്ടം യുവാക്കൾ തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് നടത്തുന്ന യാത്രയും സംഭവ വികാസങ്ങളുമായിരുന്നു സിനിമയുടെ ഇതിവൃത്തം.

തമിഴ്നാട്ടിൽ വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. തമിഴ്നാട്ടിൽ മാത്രം അമ്പത് കോടി നേടുന്ന ചിത്രമായി മാറാൻ മഞ്ഞുമ്മൽ ബോയ്സിന് കഴിഞ്ഞു.

മലയാള സിനിമയിൽ വന്ന മാറ്റത്തെ കുറിച്ചും മഞ്ഞുമ്മൽ ബോയ്‌സിനെ കുറിച്ചും സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ. മഞ്ഞുമ്മൽ ബോയ്സ് തമിഴ് നാട്ടിൽ നേടിയ വിജയം തന്നെ ഞെട്ടിച്ചെന്നും. മറ്റ് ഭാഷയിൽ മലയാള സിനിമ കൂടുതലായി സ്വീകരിക്കപ്പെടുന്നത് അടിപൊളിയാണെന്നും താരം പറഞ്ഞു. ഏഷ്യാനെറ്റ്‌ ന്യൂസിനോട് സംസാരിക്കുകയായിരുന്നു വിനീത്.

‘മഞ്ഞുമ്മൽ ബോയ്സാണ് ഞാൻ കുറെ കാലത്തിന് ശേഷം ഞെട്ടിപ്പോയ ഒരു സിനിമ. ശരിക്കും പറഞ്ഞാൽ തമിഴ്നാട്ടിൽ ഒറ്റ മലയാളി പോലുമില്ലാത്ത ഒരു തിയേറ്ററിൽ ഫുൾ കയ്യടികൾക്ക് ഇടയിൽ ഇരുന്ന് ഞാൻ കണ്ട ഒരു സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്.

നമ്മൾ എല്ലാകാലത്തും തമിഴ് പടം സബ്ടൈറ്റിൽ ഇല്ലാതെ കണ്ടിട്ടുണ്ട്. ഇപ്പോൾ അവർക്ക് നമ്മുടെ ഭാഷ മനസിലായി വരുന്നുണ്ട്. അവർ സംസാരിക്കുന്നതും കുറച്ച് സ്പീഡിൽ ആണല്ലോ. നേരത്തെയൊന്നും തമിഴ് ആളുകൾക്ക് മനസിലാവില്ലായിരുന്നു. ഇപ്പോൾ ഒ. ടി. ടിയിൽ കണ്ട് കണ്ട് അവർക്ക് അത് ക്യാച്ച് ചെയ്യാൻ പറ്റുന്നുണ്ട്.

അത് നല്ലതാണ്. കാരണം നമ്മുടെ ഒറിജിനൽ ഡബ്ബിൽ തന്നെ പടം ഇറക്കാൻ കഴിയും. നമ്മൾ മറ്റ് ഭാഷ ചിത്രങ്ങൾ അങ്ങനെയല്ലേ കാണുന്നത്. അതുപോലെ മറ്റുള്ളവരും മലയാള സിനിമ കാണുന്ന ഒരു നിലയിൽ എത്തിയാൽ അടിപൊളിയായിരിക്കും,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Talk About Manjummal Boys Success In Thamiznadu