|

മഞ്ഞുമ്മൽ കണ്ടപ്പോൾ ഞാൻ പെട്ടെന്ന് അങ്ങനെ എഴുതാൻ കാരണം അതാണ്: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്തിട്ട് ദിവസങ്ങൾക്ക് ശേഷവും മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററിൽ തകർത്തോടുകയാണ്. ജാൻ-എ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പ ദമാക്കിയായിരുന്നു ഒരുങ്ങിയത്.

എറണാകുളം മഞ്ഞുമ്മൽ സ്വദേശികളായ ഒരു കൂട്ടം യുവാക്കൾ തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് നടത്തുന്ന യാത്രയും സംഭവ വികാസങ്ങളുമായിരുന്നു സിനിമയുടെ ഇതിവൃത്തം. തമിഴ്നാട്ടിൽ വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. തമിഴ്നാട്ടിൽ മാത്രം അമ്പത് കോടി നേടുന്ന ചിത്രമായി മാറാൻ മഞ്ഞുമ്മൽ ബോയ്സിന് കഴിഞ്ഞു.

ചിത്രത്തെ പ്രശംസിച്ച് നിരവധി സെലിബ്രറ്റികളും മുന്നോട്ട് വന്നിരിന്നു. മഞ്ഞുമ്മൽ ബോയ്‌സിനെ അഭിനന്ദിച്ച് കൊണ്ട് വിനീത് ശ്രീനിവാസനും സ്റ്റോറി ഇട്ടിരുന്നു. അതിനെ കുറിച്ച് പറയുകയാണ് താരം.

ചില സിനിമകൾ കൂടുതൽ ആളുകൾ കാണണമെന്ന് നമുക്ക് തോന്നുമെന്നും അതിനെ കുറിച്ച് എന്തെങ്കിലും എഴുതി ഇടുന്നത് തനിക്ക് ഇഷ്ടമാണെന്നും വിനീത് പറഞ്ഞു. മഞ്ഞുമ്മൽ കണ്ടപ്പോൾ താൻ അങ്ങനെ എഴുതിയത് അതുകൊണ്ടാണെന്നും വിനീത് പറഞ്ഞു.

‘ആ സിനിമയാണ് നമ്മളെക്കൊണ്ട് അത് ചെയ്യിപ്പിക്കുന്നത്. ചില സിനിമകൾ കണ്ടാൽ ഇതിനൊരു പത്താള് കൂടുതൽ കയറണമെന്ന് നമുക്ക് തോന്നും. മഞ്ഞുമ്മൽ ബോയ്സ് കണ്ട സമയത്ത് ഞാൻ പെട്ടെന്ന് പോയിട്ട് അങ്ങനെ എഴുതിയത് അതുകൊണ്ടാണ്. അങ്ങനെ പല സിനിമകളെ പറ്റിയും എഴുതിയിട്ടുണ്ട്.

മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ അതുപോലെ ആക്ഷൻ ഹീറോ ബിജു ഇതൊക്കെ കണ്ട സമയത്ത് ഞാൻ അങ്ങനെ എഴുതിയിരുന്നു. നമുക്കൊരു സിനിമ ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ അതിനെ കുറിച്ച് ഷെയർ ചെയ്യാൻ തോന്നും.

ഫിലിം ക്രിട്ടിക്സ് ഒന്നുമല്ലല്ലോ. അവരാണല്ലോ എല്ലാം പറയുക. എനിക്ക് ഇഷ്ടപ്പെട്ട സിനിമയെ കുറിച്ച് എഴുതാൻ നല്ല ഇഷ്ടമാണ്. അജുവും അതുപോലെയാണ്. അജു സിനിമയുടെ ആരാധകനാണ്,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Talk About Manjummal Boys Film