| Friday, 5th July 2024, 9:44 am

മദ്യമോ പെൺകുട്ടിയോ ആണെന്ന് വിചാരിച്ചോട്ടെയെന്ന് കരുതിയാണ് വർഷങ്ങൾക്ക് ശേഷത്തിൽ അങ്ങനെ എഴുതിയത്: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ താര പുത്രനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് പിന്നീട് നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു.

വിനീതിന്റെ സംവിധാനത്തിൽ ഒടുവിൽ ഇറങ്ങിയ വർഷങ്ങൾക്ക് ശേഷവും തിയേറ്ററിൽ മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ താനാണ് എഴുതിയതെന്ന് പറയുകയാണ് വിനീത്. എന്നാൽ അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും, മധു പകരൂ എന്ന ഗാനത്തിന് നീ മധു പകരൂ എന്ന പാട്ടാണ് പ്രചോദനമായതെന്നും വിനീത് പറയുന്നു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു താരം.

‘വർഷങ്ങൾക്കുശേഷം’ സിനിമയിൽ ഞാനെഴുതിയ മൂന്ന് പാട്ടുകളുണ്ട്. അതങ്ങനെ സംഭവിച്ചു എന്നേ പറയാനാകു. ഗാനരചന മനു മഞ്ജിത്തിനെ ഏൽപ്പിക്കാനായിരുന്നു തീരുമാനം. അവന് നൽകാൻ വരികളുടെ ഏകദേശ രൂപമൊരുക്കി, ആ ശ്രമങ്ങളാണ് പിന്നീട് പാട്ടുകളായിമാറിയത്.

പഴയ പാട്ടുകളോട് ചേർന്നുനിൽക്കുന്ന ഗാനങ്ങളായിരുന്നു ആവശ്യം. ‘നി മധുപകരൂ…’ എന്ന ഗാനം എനിക്കേറെ പ്രിയപ്പെട്ടതാണ്. ഇതിൽ നിന്നാണ് ‘മധുപകരൂ നി താരകേ’യെന്നെഴുതിയത്. മനസ്സിലെ മോഹം നീയേ… എന്നുകൂടി ചേർത്തു. എന്തിനെക്കുറിച്ചാകണം പാട്ട് എന്നാലോചിച്ചപ്പോൾ മദ്യത്തെക്കുറിച്ചോ ഇഷ്ടപ്പെട്ട പെൺകുട്ടിയെക്കുറിച്ചോ ആകട്ടെയെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ‘കൊതിച്ചിട്ടും വരാനെന്തേ വൈകി നീ’യെന്ന വരി പിറന്നത്.

മനുവിനോട് പറയാനാണെങ്കിലും ഇത്രയും എഴുതിക്കഴിഞ്ഞ് അവനോട് ബാക്കി ചോദിക്കുന്നതിൽ ഒരു ശരികേടുണ്ടെന്ന് തോന്നി, അതുകൊണ്ട് ഞാൻ‌ തന്നെ പൂർത്തിയാക്കി,’വിനീത് പറയുന്നു.

ഗായകനാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും യേശുദാസിന്റെയും രവീന്ദ്രൻ മാഷിന്റെയും പാട്ടുകൾ ഏറ്റുപാടാൻ ശ്രമിച്ചാൽ പോലും തനിക്ക് കഴിയാറില്ലെന്നും വിനീത് പറഞ്ഞു.

‘ ഗായകനായെന്ന കാര്യം അത്ഭുതത്തോടെയാണ് കാണുന്നത്. സ്‌കൂൾ കാലഘട്ടത്തിൽ രവീന്ദ്രൻമാഷുടെയും ദാസേട്ടൻ്റെയുമൊക്കെ പാട്ടുകൾ ഏറ്റുപാടാൻ ശ്രമിച്ചാൽപോലും എന്നെക്കൊണ്ട് പറ്റില്ലായിരുന്നു. പിന്നണിഗാനത്തിൻ്റെ ഒരു രീതി മാറാൻ തുടങ്ങിയകാലത്താണ് ഞാൻ പാടാൻ തുടങ്ങുന്നത്,’വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan Talk About Madhoo Pakaru Song  In Varshangalkk Shesham Movie

We use cookies to give you the best possible experience. Learn more