| Monday, 7th November 2022, 5:05 pm

മദ്യപിച്ചാല്‍ അച്ഛന്‍ കെട്ടിപിടിക്കും, അതുകൊണ്ട് ഒന്നുരണ്ടെണ്ണം കഴിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയം സിനിമയിലെ വിജയരാഘവനും പ്രണവ് മോഹന്‍ലാലും കെട്ടിപിടിക്കുന്ന രംഗത്തെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ആ രംഗത്തിന് ശേഷമാണ് പ്രണവ് നായക കഥാപാത്രത്തിലേക്ക് എത്തിയതെന്ന് പറഞ്ഞ താരം ശ്രീനിവാസനുമായുള്ള ബന്ധത്തെ പറ്റിയും സംസാരിച്ചു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനീതിന്റെ പരാമര്‍ശങ്ങള്‍.

‘ഷൂട്ട് തുടങ്ങിയ ദിവസങ്ങളിലാണ് ആ രംഗം എടുത്തത്. ആ രംഗം കൊണ്ടുണ്ടായ ഒരു ഗുണം എന്താണെന്ന് വെച്ചാല്‍ അവിടം തൊട്ടാണ് അപ്പൂനെ ആ കഥാപാത്രമായി കിട്ടിയത്. ഒരു ഐസ് ബ്രേക്കിങ് അവിടെ നടന്നു. എന്താണ് നടന്നതെന്ന് അവര്‍ക്ക് മാത്രമേ അറിയാന്‍ പറ്റുകയുള്ളു. ആ കെട്ടിപിടുത്തതില്‍ നിന്നും അരുണ്‍ നീലകണ്ഠന്‍ എന്നയാള്‍ എമര്‍ജ് ചെയ്തത് പോലെ എനിക്ക് തോന്നി. അതുകഴിഞ്ഞ് ഞങ്ങള്‍ ഷൂട്ട് ചെയ്ത സീനിലൊക്കെ അപ്പു പെര്‍ഫോം ചെയ്യുന്നത് വേറൊരു എനര്‍ജിയിലായിരുന്നു.

വേറെ തന്നെ ഒരു റിലേഷന്‍ഷിപ്പാണ് അച്ഛനും മക്കളും തമ്മിലുള്ളത്. വല്ലാത്തൊരു ഇക്ക്വേഷനാണ് അത്. അമ്മയുമായിട്ടുള്ള റിലേഷന്‍ഷിപ്പ് പോലെ അല്ല. സ്‌നേഹമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. എന്നാല്‍ ഭയങ്കരമായി അടുക്കാന്‍ പറ്റുമോ, അതുമില്ല. അങ്ങനെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന ഒരു റിലേഷനാണ്. അപ്പോള്‍ പല ആളുകള്‍ക്കും പല രീതിയില്‍ അത് കണക്ടായിട്ടുണ്ട്.

എന്റെ ചെറുപ്പത്തില്‍ അച്ഛന്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ കെട്ടിപിടിക്കും. മദ്യപിച്ചിട്ടില്ലെങ്കില്‍ പാട്ട് കേട്ടിട്ട് പോകും. അതുകൊണ്ട് ചെറുപ്പത്തില്‍ അച്ഛന്‍ ഒന്നുരണ്ടെണ്ണം കഴിക്കുന്നത് ഇഷ്ടമായിരുന്നു. അപ്പോഴേ അച്ഛന്‍ സ്‌നേഹം എക്‌സ്പ്രസ് ചെയ്യുകയുള്ളൂ. വല്ലാണ്ട് കഴിച്ചാല്‍ ബോറാണ്. ഒന്നുരണ്ടെണ്ണം അടിച്ചുകഴിഞ്ഞാല്‍ അടിപൊളിയാണ്. ഇപ്പോഴാണെങ്കില്‍ ചിന്തിക്കാന്‍ പറ്റില്ല,’ വിനീത് പറഞ്ഞു.

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സാണ് വിനീത് നായകനായി ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന കണ്ട ചിത്രം നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: vineeth sreenivasan talk about his relationship with sreenivasan

We use cookies to give you the best possible experience. Learn more