| Monday, 27th May 2024, 11:18 am

തട്ടത്തിൻ മറയത്ത് വരെ ഞാൻ അങ്ങനെയായിരുന്നു, തിരയിൽ എത്തിയപ്പോൾ അതിൽ മാറ്റം വന്നു: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ആളാണ് വിനീത് ശ്രീനിവാസന്‍. വിനീതിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രവും തിയേറ്ററിൽ ശ്രദ്ധ നേടിയിരുന്നു.

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് വിനീത് സംവിധാന രംഗത്തേക്ക് കടക്കുന്നത്. തട്ടത്തിൻ മറയത്ത് എന്ന ചിത്രം സൂപ്പർ ഹിറ്റ് ആയതോടെ വിനീത് മലയാളത്തിൽ ഏറെ ആരാധരുള്ള സംവിധായകനായി മാറിയിരുന്നു.

തട്ടത്തിൻ മറയത്ത് വരെ താൻ അഭിനേതാക്കളോട് എങ്ങനെ അഭിനയിക്കണമെന്ന് പറയുമായിരുന്നുവെന്നും എന്നാൽ തിര എന്ന ചിത്രത്തിൽ എത്തിയപ്പോഴാണ് അതിൽ മാറ്റം വന്നതെന്നും വിനീത് പറയുന്നു.

തിരയും നോർത്ത് ഇന്ത്യയിൽ നിന്നുള്ള ഒരുപാട് അഭിനേതാക്കൾ ഉണ്ടായിരുന്നുവെന്നും അവർ തന്നെക്കാൾ നന്നായി കഥാപാത്രങ്ങളെ സമീപിക്കാറുണ്ടെന്നും വിനീത് പറഞ്ഞു. ഫിൽമി ഹുഡിനോട് സംസാരിക്കുകയായിരുന്നു വിനീത്.

‘തട്ടത്തിൻ മറയത്ത് വരെ ഞാൻ ഓരോ അഭിനേതാക്കളോടും പറയുമായിരുന്നു ഇങ്ങനെ അഭിനയിച്ചു നോക്ക് എന്നൊക്കെ. അഭിനേതാക്കളെ എനിക്ക് വേണ്ടപോലെ തന്നെ പെർഫോം ചെയ്യിപ്പിക്കാൻ ഞാൻ ശ്രമിക്കുമായിരുന്നു. അത് നന്നായി വർക്ക്‌ ആയിട്ടുമുണ്ട്.

പക്ഷെ തിരയിലേക്ക് വന്നപ്പോൾ ഞാൻ നോർത്തിലൊക്കെയുള്ള ഒരുപാട് അഭിനേതാക്കളോടൊപ്പം വർക്ക്‌ ചെയ്തു. അവർ ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമൊക്കെ ചോദിക്കും. അവർ കഥാപാത്രത്തിന്റെ ബാക്ക്ഗ്രൗണ്ടിനെ കുറിച്ചെല്ലാം അന്വേഷിക്കും. എന്നേക്കാൾ നന്നായി കഥാപാത്രത്തെ കുറിച്ച് അവർ ആലോചിക്കുന്നുണ്ട് എന്നെനിക്ക് മനസിലായി.

അന്നാണ് ഞാൻ അതറിഞ്ഞു തുടങ്ങിയത്. അപ്പോൾ പിന്നെ ഞാൻ അവരോട് അങ്ങോട്ട് ചോദിക്കാൻ തുടങ്ങി നിങ്ങൾക്ക് ഇതെങ്ങനെയാണ് ചെയ്യാൻ തോന്നുന്നതെന്ന്. അവർക്ക് പിന്നെ എന്റെ കാര്യങ്ങളും പറഞ്ഞ് കൊടുത്തു. അങ്ങനെ അഭിനേതാക്കളുമായി വർക്ക്‌ ചെയ്യുമ്പോൾ നല്ല രസമാണ്,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth  Sreenivasan Talk About His Film Making After Thira Movie

We use cookies to give you the best possible experience. Learn more