| Thursday, 25th April 2024, 10:52 pm

ഞാനൊരുക്കിയ ചിത്രങ്ങളെ പറ്റി ഭാവിയിൽ ആരും സംസാരിക്കില്ല, എന്നാൽ ഞാൻ അഭിനയിച്ച ആ ചിത്രത്തെ കുറിച്ച് സംസാരിക്കും: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താൻ അഭിനയിച്ച തങ്കം എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ. നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത് ശ്യാം പുഷ്കരന്റെ രചനയിൽ ഒരുങ്ങിയ ചിത്രമാണ് തങ്കം.

താൻ അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമയാണ് തങ്കമെന്നും തിയേറ്ററിൽ വിജയിച്ചില്ലെങ്കിലും തന്റെ വിജയ ചിത്രങ്ങളെക്കാൾ ഭാവിയിൽ പ്രേക്ഷകർ സംസാരിക്കാൻ പോവുന്ന സിനിമയായിരിക്കും തങ്കമെന്നും ഫിലിം കമ്പാനിയൻ സൗത്തിനോട് വിനീത് പറഞ്ഞു.

‘തങ്കം റിലീസായത് കണ്ടപ്പോൾ ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു. ബോക്സ്‌ ഓഫീസിൽ വലിയ സൂപ്പർ ഹിറ്റായോ ഇല്ലയോ എന്നതല്ല. അതിനപ്പുറം ഒരു വാല്യൂവും ലൈഫുമുള്ള ചിത്രമാണ് തങ്കം.

അതവിടെ നിന്നോളും എന്റെ സൂപ്പർ ഹിറ്റായിട്ടുള്ള പടങ്ങളെ കുറിച്ചും ഞാൻ സംവിധാനം ചെയ്ത സിനിമകളെ കുറിച്ചൊന്നും കുറച്ച് നാളുകഴിഞ്ഞാൽ ആരും സംസാരിക്കില്ല. പക്ഷെ തങ്കത്തെ പറ്റി ആളുകൾ സംസാരിക്കും. എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമയാണത്. ഞാൻ അഭിനയിച്ച പടങ്ങളിൽ ഞാൻ ഏറ്റവും ആസ്വദിച്ചു കണ്ട പടം തങ്കമാണ്,’വിനീത് ശ്രീനിവാസൻ പറയുന്നു.

അതേസമയം സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ് ആക്കിയിട്ടുള്ള വിനീതിന്റെ ഏറ്റവും പുതിയ സിനിമ ‘ വർഷങ്ങൾക്ക് ശേഷം’ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നിവിൻ പോളിയടക്കം നിരവധി പേരാണ് അതിഥി വേഷത്തിൽ എത്തുന്നത്.

Content Highlight: Vineeth Sreenivasan Talk About His Favorite Movie In His Career

We use cookies to give you the best possible experience. Learn more