| Thursday, 9th May 2024, 8:20 am

ഹിഷാം അന്ന് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഉള്ളിൽ വലിയ കുത്തലായിരുന്നു: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള ആളാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് ശ്രീനിവാസൻ, ഇന്ന് മലയാളത്തിലെ ഒരു ഹിറ്റ്‌ മേക്കർ സംവിധായകനും നടനും നിർമാതാവുമെല്ലാമാണ്. ഏറ്റവും ഒടുവിൽ വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്.

ഒരുപാട് പേരെ തന്റെ സിനിമയിലൂടെ മലയാളത്തിന് പരിചയപ്പെടുത്തിയ ആളാണ് വിനീത് ശ്രീനിവാസൻ. ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ നിവിൻ പോളി, അജു വർഗീസ്, തുടങ്ങി ഇന്ന് മലയാളത്തിലെ തിരക്കുള്ള താരങ്ങളെ വിനീത് കൈപിടിച്ചുയർത്തിയിരുന്നു.

അത്തരത്തിൽ വിനീതിന്റെ ഹൃദയം എന്ന ചിത്രത്തിലൂടെ തലവര മാറിയ സംഗീത സംവിധായകനാണ് ഹിഷാം അബ്ദുൾ വഹാബ്. മുമ്പ് ചില സിനിമകളിൽ സംഗീതം ചെയ്തിട്ടുണ്ടെങ്കിലും സൗത്ത് ഇന്ത്യ മൊത്തം ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ഹൃദയം.

ഹിഷാം കുറെ കാലമായി കഷ്ടപ്പെടുന്ന ഒരാളായിരുന്നുവെന്നും തന്റെ സുഹൃത്തുക്കളുടെ സിനിമയിൽ ഹിഷാം അവസരം ചോദിച്ചിരുന്നുവെന്നും വിനീത് പറയുന്നു. ഹൃദയത്തിൽ താൻ അവസരം നൽകിയപ്പോൾ പത്ത് വർഷത്തോളമായി ഈ അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നാണ് ഹിഷാം പറഞ്ഞതെന്നും വിനീത് പറയുന്നു.

‘എനിക്കൊരുപാട് ഇഷ്ടമുള്ള ഒരാളാണ് ഹിഷാം. പക്ഷെ ഞാൻ ഹിഷാമിനെ കാണുന്ന സമയത്തെല്ലാം ഹിഷാം സ്ട്രഗിളിങ്ങാണ്. ഞാൻ അവന്റെ പാട്ടുകൾ ഇടയ്ക്ക് പാടുന്നുണ്ട് റെക്കോർഡ് ചെയ്യുന്നുണ്ട്. ഒരു ദിവസം ഹിഷാം എന്റെയടുത്തു പറഞ്ഞു, വിനീതേട്ട വിനീതേട്ടന്റെ സിനിമകൾ എനിക്ക് കിട്ടില്ലായെന്ന് അറിയാം. വിനീതേട്ടന്റെ കൂട്ടുകാരുടെ ആരുടെയെങ്കിലും നല്ല സിനിമകൾ ഉണ്ടെങ്കിൽ എന്റെ കാര്യമൊന്ന് പറയണേയെന്ന്.

അത് കേട്ടപ്പോൾ എനിക്ക് ഉള്ളിൽ ഇങ്ങനെ ഭയങ്കര കുത്തലായിരുന്നു ആ സമയത്ത്. അങ്ങനെ എറണാകുളത്ത് ഹിഷാം വന്നപ്പോൾ നോബിളിന്റെ ഫ്ലാറ്റിലേക്ക് വന്നു. റൂമിന്ന് ഞാൻ ഹിഷാമിനോട് കാര്യം പറഞ്ഞു. ഹിഷാമേ എന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി മ്യൂസിക് ചെയ്യാൻ പറ്റുമോയെന്ന് ഞാൻ ചോദിച്ചു. അത് കേട്ട് അവൻ പറഞ്ഞത്, പത്ത് വർഷമായിട്ട് ഞാൻ ഇങ്ങനെയൊരു അവസരത്തിന് വേണ്ടിയാണ് വിനീതേട്ടാ കാത്തിരുന്നത് എന്നായിരുന്നു. ഇപ്പോൾ അവനെ നോക്ക്. അവൻ എവിടെയാ ഉള്ളത്,’ വിനീത് ശ്രീനിവാസൻ പറയുന്നു.

ഇന്ന് സൗത്തിന്ത്യയിലെ തിരക്കുള്ള മ്യൂസിക് ഡയറക്ടറാണ് ഹിഷാം. ഹായ് നാനാ, ഖുശി തുടങ്ങി തെലുങ്ക് സിനിമകളിലെല്ലാം മ്യൂസിക് ചെയ്തിരിക്കുന്നത് ഹിഷാമാണ്.

Content Highlight: Vineeth Sreenivasan Talk About Hesham Abdul Wahab

We use cookies to give you the best possible experience. Learn more