| Wednesday, 3rd April 2024, 7:23 pm

നെപ്പോട്ടിസത്തെ കുറിച്ചുള്ള ആ ഡയലോഗ് ഞങ്ങളുടെ പടത്തിൽ നിവിൻ പറയുന്നതാണ് അതിന്റെ രസം: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഏറെ ആരാധകരുള്ള ആക്ടർ ഡയറക്ടർ കോമ്പോയാണ് നിവിൻ പോളി – വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസന്റെയും നിവിൻ പോളിയുടെയും ആദ്യ സിനിമയായിരുന്നു മലർവാടി ആർട്സ് ക്ലബ്ബ്‌.

ശേഷമിറങ്ങിയ തട്ടത്തിൻ മറയത്ത് എന്ന ചിത്രം വലിയ വിജയമായതോടെ ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങൾക്കായി പ്രേക്ഷകർ കാത്തിരിപ്പായി. ജേക്കബിന്റെ സ്വർഗരാജ്യം, വിനീതിന്റെ കഥയിൽ ഒരുങ്ങിയ വടക്കൻ സെൽഫി എന്നീ ചിത്രങ്ങളിലെല്ലാം നിവിന്റെ വലിയ വിജയമായ സിനിമകൾ ആയിരുന്നു.

എട്ടുവർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന സിനിമയിൽ അതിഥി വേഷത്തിലാണ് നിവിൻ പോളി എത്തുന്നത്. ചിത്രത്തിൽ നിവിൻ പോളിയുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് വിനീത്.

ചിത്രത്തിന്റെ ട്രെയ്ലറിൽ നിവിൻ നെപ്പോട്ടിസത്തെ കുറിച്ച് പറയുന്ന ഡയലോഗ് വലിയ ശ്രദ്ധ നേടിയിരുന്നു. ഞങ്ങളുടെ സിനിമയിൽ നിവിൻ തന്നെ ആ ഡയലോഗ് പറയുന്നതാണ് അതിന്റെ രസമെന്ന് വിനീത് പറയുന്നു. കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു താരം.

‘വർഷങ്ങൾക്ക് ശേഷത്തിൽ ഒരു ഹോട്ടൽ മുറിയിൽ വെച്ചുള്ള സീനൊക്കെയുണ്ട്. അതൊക്കെ ചെയ്യുമ്പോൾ എനിക്ക് വടക്കൻ സെൽഫിയും തട്ടത്തിൻ മറയത്തുമെല്ലാം ചെയ്യുമ്പോഴുള്ള ഫീലായിരുന്നു. അതിലെ നെപ്പോട്ടിസം എന്ന ഡയലോഗ് അവൻ പറയുമ്പോഴും, അതും ഞങ്ങളുടെ ഈ പടത്തിൽ പറയുന്നതുമാണ് അതിന്റെ രസം,’വിനീത് ശ്രീനിവാസൻ പറയുന്നു.

ഒരു സമയത്ത് തുടർ വിജയങ്ങളുമായി ബോക്സ് ഓഫീസ് ഭരിച്ചിരുന്ന നിവിൻ പോളി, പിന്നീട് പരാജയത്തിലേക്ക് പോയിരിന്നു. എന്നാൽ പഴയ നിവിൻ പോളി പുതിയ നിവിൻ പോളി എന്നൊന്നുമില്ലായെന്നാണ് വിനീത് പറയുന്നത്. തങ്ങൾ സിനിമ ചെയ്യുമ്പോൾ ഒരു സിങ്ക് ഉണ്ടെന്നും വർഷങ്ങൾക്ക് ശേഷത്തിലൂടെ അത് വീണ്ടുമറിഞ്ഞെന്നും വിനീത് കൂട്ടിച്ചേർത്തു.

‘നിവിനെ പഴയത് എന്നൊന്നും പറയരുത്. 2016 ന് ശേഷം എട്ട് വർഷം കഴിഞ്ഞാണ് ഞാൻ നിവിനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഞങ്ങൾ ചെയ്യുമ്പോഴുള്ള ഒരു സിങ്ക് ഉണ്ടല്ലോ. അത് വീണ്ടും അറിഞ്ഞതിന്റെ ഒരു ത്രില്ലിലാണ് ഞാൻ,’വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan Talk About Dialogue Of Nivin Pauly In Varshangalkk Shesham

We use cookies to give you the best possible experience. Learn more