| Monday, 25th March 2024, 1:17 pm

പുറത്ത് പറയുന്ന പോലെയൊന്നുമല്ല വർക്ക്‌ ചെയ്യുമ്പോൾ അവൻ മറ്റൊരാളാണ്: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഏപ്രിൽ ആദ്യവാരം തിയേറ്ററുകളിൽ എത്തും.

വിനീതിന്റെ തന്നെ തിര എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോൾ ധ്യാനിന്റെ കൂടെ വർക്ക്‌ ചെയ്യാൻ എളുപ്പമായെന്നും ധ്യാനിന് ഒരുപാട് സിനിമകളിൽ അഭിനയിച്ച് പരിചയമായെന്നും വിനീത് പറയുന്നു. പുറത്ത് പറയുന്ന പോലെയല്ലെന്നും വർക്കിൽ ധ്യാൻ വളരെ സീരിയസാണെന്നും വിനീത് പറഞ്ഞു. ലീഫി സ്റ്റോറീസിനോട് സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസൻ.

‘ഞാൻ തിരയിൽ ധ്യാനിന്റെ കൂടെ വർക്ക്‌ ചെയ്യുമ്പോൾ ധ്യാൻ വളരെ ചെറുപ്പമാണ്. അതവന്റെ ആദ്യത്തെ സിനിമയുമാണ്. ഇപ്പോൾ ഒരുപാട് സിനിമകളിൽ അഭിനയിച്ച് അവനും ശീലമായല്ലോ. അതുകൊണ്ട് തന്നെ ഇത്തവണ ധ്യാനിന്റെ കൂടെ വർക്ക്‌ ചെയ്യാൻ നല്ല എളുപ്പമായിരുന്നു. പല സമയത്തും ഞങ്ങൾ ഒന്നും പരസ്പരം പറയാറില്ല.

ഒരുപാട് ഇമോഷണലായിട്ടുള്ള സീനുകൾ വരുമ്പോൾ ഇതിങ്ങനെ ചെയ്തോട്ടെ എന്നൊക്കെ അവൻ ചോദിക്കാറുണ്ട്. അവൻ പുറത്ത് പറയുന്നത് പോലെയൊന്നുമല്ല വർക്ക്‌ ചെയ്യുന്ന സമയത്ത് അവൻ വലിയ സീരിയസാണ്. പുറമേ സീരിയസായിട്ട് കാണിക്കില്ല. പക്ഷെ ഇത്തിരി കോംപ്ലിക്കേറ്റഡായിട്ടുള്ള സീൻ ആണെങ്കിൽ ഒന്ന് മാറി നിന്ന് റിഹേഴ്സലൊക്കെ ചെയ്ത് നോക്കും. ആരും അറിയാതെയാണ് ചെയ്യുക,’വിനീത് ശ്രീനിവാസൻ പറയുന്നു.

ധ്യാനും പ്രണവും നിവിൻ പോളിയും ചിത്രത്തിൽ തീർച്ചയായും വേണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു.

‘അപ്പുവും ധ്യാനും തന്നെ ആ വേഷത്തിൽ വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അല്ലെങ്കിൽ ആ സിനിമ നടക്കില്ല. പിന്നെ നിവിൻ. ഇവര് മൂന്ന് പേരും നിർബന്ധമായും ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിച്ച കഥാപാത്രങ്ങളാണ്. തിരക്കഥ എഴുതി കഴിഞ്ഞപ്പോൾ നിവിൻ വേണമെന്ന് എനിക്ക് നിർബന്ധം തോന്നി.

അത് അവരെന്റെ കൂട്ടുകാർ ആയതുകൊണ്ടല്ല. ഈ കഥാപാത്രങ്ങൾക്ക് അവർ കറക്റ്റ് ഫിറ്റാണ്,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

Content Highlight: Vineeth Sreenivasan Talk About Dhayn Sreenivasan In Varshangalkk Shesham Movie

We use cookies to give you the best possible experience. Learn more