| Saturday, 24th August 2024, 10:48 am

ആ ചിത്രം എഴുതിയവന്റെ ഫാന്റസിയാണെന്ന് കരുതുന്നവർക്ക് എന്നോട് എതിർപ്പ് തോന്നാം: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡിന് ശേഷം തിയേറ്ററിൽ എത്തി വലിയ വിജയമായി മാറിയ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം മികച്ച സിനിമയ്ക്കുള്ള ആ വർഷത്തെ സംസ്ഥാന അവാർഡും  നേടിയിരുന്നു. എന്നാൽ ഒ.ടി.ടി റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണമായിരുന്നു ഹൃദയം നേടിയത്. ചിത്രത്തിലെ പല സീനുകളും ക്രിഞ്ചാണെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടിരുന്നു. അതോടൊപ്പം തന്നെ ചിലരുടെ ഫേവറീറ്റ് ചിത്രം കൂടിയാണ് ഹൃദയം.

ക്യാമ്പസിൽ പ്രണയിച്ച് നടന്ന് ഇപ്പോൾ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്ന ഒരുപാട് പേരുടെ ഇഷ്ട ചിത്രമാണ് ഹൃദയമെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. നിരവധിയാളുകൾ അതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ ചിത്രം ഇഷ്ടമില്ലാത്തവരുണ്ടെന്നും വിനീത് പറഞ്ഞു. കൂടെ അഭിനയിക്കുന്നവരോടും താൻ ഹൃദയത്തെ കുറിച്ച് അഭിപ്രായം ചോദിച്ചിട്ടുണ്ടെന്നും വിനീത് ലീഫി സ്റ്റോറീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ക്യാമ്പസിൽ നിന്ന് പ്രേമിച്ച്, ക്യാമ്പസിൽ നിന്ന് കല്യാണം കഴിച്ച് ഇപ്പോഴും നല്ല സന്തോഷത്തോടെ ജീവിക്കുന്ന ആളുകൾക്കൊക്കെ ഹൃദയം വലിയ ഇഷ്ടമാണ്. അവരുടെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ് ഹൃദയം. അങ്ങനെ ഒരുപാട് പേര് എന്നോട് പറഞ്ഞിട്ടുണ്ട്.

വീണ്ടും വീണ്ടും കാണുമെന്നും വിവാഹ വാർഷികം വരുമ്പോഴൊക്കെ ചുമ്മ ഇരുന്ന് കാണുമെന്നൊക്കെ പറയുന്നവരുണ്ട്. അങ്ങനെ ഒരു ക്രൗഡ് ഹൃദയത്തിനുണ്ട്. ഇത് എഴുതിയവന്റെയും സംവിധാനം ചെയ്തവന്റെയും ഫാന്റസി മാത്രമാണെന്ന് തോന്നുന്നവർക്ക് നമ്മളോട് വലിയ എതിർപ്പ് തോന്നും.

എന്നോട് ഒരുപാടാളുകൾ ഹൃദയത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. കൂടെ അഭിനയിക്കുന്നവരോടൊക്കെ ഞാൻ ചോദിക്കാറുണ്ട്, നിങ്ങൾക്ക് എവിടെയെങ്കിലും ക്രിഞ്ചായിട്ട് തോന്നിയോയെന്ന്. അപ്പോൾ അവർ മറുപടി തരും.

മുകുന്ദൻ ഉണ്ണിയുടെ സമയത്ത് അർഷയൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്, ചേട്ടാ ആ ഡയലോഗ് ക്രിഞ്ചായിട്ട് തോന്നിയെന്നൊക്കെ. വേറേ ഏതാണ് അങ്ങനെ തോന്നിയതെന്ന് ചോദിച്ചാൽ അതും അവർ പറഞ്ഞു തരും. അവളൊക്കെ വളരെ സത്യസന്ധമായി തുറന്ന് പറയും.

അതുപോലെ ഹൃദയത്തിന്റെ സ്പൂഫ് ചെയ്ത അരുൺ പ്രതീപുമായി ഞാൻ ഇടയ്ക്ക് ടെസ്റ്റ്‌ ചെയ്യാറുണ്ട്. എനിക്ക് അവന്റെ സ്പൂഫ് പരിപാടി നല്ല ഇഷ്ടമാണ്. ഞാൻ അവനോട്‌ ചോദിച്ചിട്ടുണ്ട്, ശരിക്കും പടം ഇഷ്ടായിട്ടില്ലേയെന്ന്,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Talk About Cringe In Hridhayam Movie

We use cookies to give you the best possible experience. Learn more