നീ ആദ്യം കാണേണ്ട ക്ലാസിക് സിനിമകൾ ഇവയാണെന്ന് പറഞ്ഞ് അച്ഛൻ ആ മൂന്ന് ചിത്രങ്ങൾ സജസ്റ്റ് ചെയ്തു: വിനീത് ശ്രീനിവാസൻ
Entertainment
നീ ആദ്യം കാണേണ്ട ക്ലാസിക് സിനിമകൾ ഇവയാണെന്ന് പറഞ്ഞ് അച്ഛൻ ആ മൂന്ന് ചിത്രങ്ങൾ സജസ്റ്റ് ചെയ്തു: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th April 2024, 10:37 am

മലയാളികളുടെ പ്രിയ താരപുത്രനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി അരങ്ങേറിയ വിനീത് ഇന്ന് മലയാളത്തിലെ ജനപ്രിയനായ സംവിധായകനും നടനുമെല്ലാമാണ്. തനിക്ക് സിനിമയോടുള്ള താത്പര്യം ഉണ്ടായതിനെ കുറിച്ച് പറയുകയാണ് വിനീത്.

സിനിമയെ സീരിയസായി കാണാൻ തുടങ്ങിയപ്പോൾ ഒരുപാട് സിനിമകൾ കാണുമായിരുന്നുവെന്നും അത് മനസിലാക്കിയ അച്ഛൻ തനിക്ക് മൂന്ന് ക്ലാസിക് സിനിമകൾ സജസ്റ്റ് ചെയ്‌തെന്നും വിനീത് പറയുന്നു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനീത്. ‘വി.എച്ച്.എച്ച് മാറി വി.സി.പിയും ഡി.വി.ഡിയും വരുന്ന സമയമാണ്. ഞാനും എന്റെ ഒരു കസിനും കൂടി പോയി ബള്‍ക്കായി ഒരുപാട് സിനിമകളുടെ വി.എച്ച്.എസ് കാസറ്റുകള്‍ വാങ്ങിക്കൂട്ടി.

അന്ന് അദ്ദേഹത്തിന് ജോലിയുണ്ടായിരുന്നു. കാസറ്റുകള്‍ വാങ്ങാനുള്ള പണമൊക്കെ അദ്ദേഹമാണ് തരുന്നത്. അത്തരത്തില്‍ ക്ലാസിക് സിനിമകളൊക്കെ വാങ്ങി കാണാന്‍ തുടങ്ങി. ലൈബ്രറിയില്‍ പോയി ചില മെറ്റീരിയല്‍സൊക്കെ കളക്ട് ചെയ്ത് പഠിക്കാന്‍ തുടങ്ങി. സിനിമകളോട് വല്ലാത്തൊരു താത്പര്യം തോന്നിത്തുടങ്ങി.

അങ്ങനെയാണ് കുറസോവ സിനിമകളും മറ്റും ഞാന് കാണുന്നത്. എന്റെ ഈ കളക്ഷന്‍സൊക്കെ കണ്ടപ്പോള്‍ ഒരു ദിവസം അച്ഛന്‍ എന്നോട് ക്ലാസിക് സിനിമകള്‍ കാണാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അങ്ങനെയാണെങ്കില്‍ നീ ആദ്യം കാണേണ്ട മൂന്ന് സിനിമകള്‍ ഉണ്ടെന്ന് പറഞ്ഞു.

സിനിമാ പാരഡൈസ്, ഗുഡ് ബാഡ് ആന്റ് അഗ്ലി, ലോറന്‍സ് ഓഫ് അറേബ്യ എന്നീ ചിത്രങ്ങളായിരുന്നു അച്ഛന്‍ സജസ്റ്റ് ചെയ്തത്. മൂന്നും മൂന്ന് തരം സിനിമകളാണ്. ഈ മൂന്ന് സിനിമകള്‍ കണ്ടാല്‍ നിനക്ക് ഏകദേശമൊരു ധാരണ ലഭിക്കുമെന്ന് പറഞ്ഞു. അതായിരുന്നു തുടക്കം,’ വിനീത് പറഞ്ഞു.

സംവിധായകൻ ആവണമെന്ന മോഹം ഉണ്ടാവുന്നത് ഹിന്ദി ചിത്രം ദിൽ ചാത്താ ഹേ കണ്ടപ്പോഴാണെന്നും താൻ അക്ഷയ് ഖനയുടെ വലിയ ആരാധകൻ ആയിരുന്നുവെന്നും വിനീത് കൂട്ടിച്ചേർത്തു.

‘സംവിധായകനാകണമെന്ന മോഹം എന്റെ മനസില്‍ വന്നത് ദില്‍ ചാത്താ ഹെ എന്ന സിനിമ കണ്ട ശേഷമാണ്. ചെന്നൈയില്‍ വെച്ചാണ് ആ സിനിമ കാണുന്നത്. തുടക്കം മുതല്‍ തന്നെ ആ ചിത്രം എന്നെ വല്ലാതെ ആകര്‍ഷിച്ചു. എന്റെ ദൈവമേ ഇതൊരു പുതിയ പരീക്ഷണമാണല്ലോ എന്ന് തോന്നി.

വളരെ കാഷ്വല്‍ ആയി വസ്ത്രം ധരിച്ച നായകന്‍മാരായിരുന്നു അതിലുണ്ടായിരുന്നത്. സാധാരണ രീതിയില്‍ അങ്ങനെ വസ്ത്രം ധരിക്കുന്ന നായകന്‍മാരല്ല ഹിന്ദി സിനിമയില്‍ ഉണ്ടാകുക. മാത്രമല്ല സിനിമയില്‍ സിങ്ക് സൗണ്ട് ആണ് ഉപയോഗിച്ചതെന്ന് എനിക്ക് തോന്നി. കാരണം അത്ര നാച്ചുറലായിയിരുന്നു ഡയലോഗുകള്‍.

ഞാന്‍ അക്ഷയ് ഖന്നയുടെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ പ്രകടനം അതിശയത്തോടെ നോക്കിനിന്നിട്ടുണ്ട്. തിയേറ്ററില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് ഈ സിനിമ ആരാണ് സംവിധാനം ചെയ്തത് എന്ന് നോക്കി. തിരക്കഥ, സംവിധാനം ഫര്‍ഹാന്‍ അക്തര്‍ എന്ന് കണ്ടു. ആ ഒരു നിമിഷത്തില്‍ തന്നെ ഇങ്ങനെ ഒരു സിനിമയാണ് എനിക്ക് സംവിധാനം ചെയ്യേണ്ടതെന്ന് ഞാന്‍ ഉറപ്പിച്ചു,’വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan Talk About Classic Films That Suggested By Sreenivasan