തൊണ്ണൂറിലെ ആ ഹിറ്റ്‌ മേക്കർ സംവിധായകൻ അഞ്ഞൂറ് രൂപ ചോദിച്ചു, അദ്ദേഹത്തിന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു: വിനീത് ശ്രീനിവാസൻ
Entertainment
തൊണ്ണൂറിലെ ആ ഹിറ്റ്‌ മേക്കർ സംവിധായകൻ അഞ്ഞൂറ് രൂപ ചോദിച്ചു, അദ്ദേഹത്തിന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th April 2024, 12:56 pm

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ തിയേറ്ററിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം എൺപതുകളുടെ പശ്ചാത്തലത്തിൽ സിനിമ സ്വപ്നം കണ്ടുനടക്കുന്ന രണ്ട്‌ സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്.

അച്ഛൻ ശ്രീനിവാസനടക്കമുള്ള സിനിമ പ്രവർത്തകരിൽ നിന്ന് കേട്ടറിഞ്ഞതും ഒരുപാട് മാഗസിനുകളിൽ നിന്നെല്ലാം വായിച്ചറിഞ്ഞതുമായ സംഭവങ്ങളെ കോർത്തിണക്കിയാണ് വിനീത് ചിത്രം ഒരുക്കിയിട്ടുള്ളത്. തനിക്കുണ്ടായ ചില അനുഭവങ്ങളെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസൻ.

തൊണ്ണൂറുകളിലെ ഒരു ഹിറ്റ്‌ മേക്കർ സംവിധായകൻ തന്നെ കാണാൻ വന്നിരുന്നുവെന്നും ഇറങ്ങാൻ നേരം അദ്ദേഹം ഒരു അഞ്ഞൂറ് രൂപ വാങ്ങിയെന്നും വിനീത് പറയുന്നു. അദ്ദേഹത്തിന്റെ കയ്യിൽ പൈസ ഇല്ലാത്തത് കൊണ്ടാണ് അദ്ദേഹം പൈസ ചോദിച്ചതെന്നും സിനിമയിൽ അങ്ങനെ ഒരുപാട് പേരുണ്ടെന്നും വിനീത് പറഞ്ഞു. ഓൺലുക്കേഴ്സ് മീഡിയയോട് സംസാരിക്കുകയായിരുന്നു വിനീത്.

‘തൊണ്ണൂറുകളിൽ ഒരു സൂപ്പർ ഹിറ്റ്‌ പടം, ഒരു പടമല്ല രണ്ടുമൂന്ന് പടങ്ങൾ ചെയ്ത ഒരു സംവിധായകൻ ഒരു കഥ പറയാൻ എന്റെ അടുത്ത് വന്നിരുന്നു. നമ്മുക്കെല്ലാം അറിയുന്ന ഒരു സംവിധായകനാണ്.
അദ്ദേഹം തിരിച്ചു പോവാൻ നേരം എന്നോട് ചോദിച്ചു, വിനീതെ ഒരു അഞ്ഞൂറ് എടുക്കാൻ ഉണ്ടാവുമോയെന്ന്. വളരെ കാശ്വലായിട്ടാണ് അദ്ദേഹം ചോദിച്ചത്. ഉണ്ട് ചേട്ടായെന്ന് പറഞ്ഞ് ഞാനൊരു അഞ്ഞൂറ് രൂപ കൊടുത്തു.

അദ്ദേഹം കാഷ്വലായിട്ടാണ് ചോദിച്ചതെങ്കിലും അദ്ദേഹത്തിന്റെ കയ്യിൽ അതില്ലായിരുന്നു. അതുകൊണ്ടാണ് ചോദിച്ചത്. അത് നമുക്ക് അറിയുന്ന കാര്യമാണ്.

അതുപോലെ കെ. ജി. ജോർജ് സാറിന്റെയൊക്കെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരാൾ എന്നോട് നൂറ് രൂപ ചോദിച്ചിട്ടുണ്ട്. അങ്ങനെ നമ്മൾ കാണുന്ന ഒരുപാട് കാഴ്ചകളുണ്ട് ആളുകളുണ്ട്.

എനിക്കറിയുന്ന ശ്രീകാന്ത് മുരളിയുണ്ട്. ശ്രീകാന്ത് ഏട്ടൻ ഒരു ദിവസം എന്നോട് പറഞ്ഞതാണ്, അവർ റെക്കോഡിങ്ങിനൊക്കെയായി എ. വി. എം സ്റ്റുഡിയോയിൽ പോവുന്ന സമയത്ത് സ്റ്റുഡിയോയുടെ മുന്നിൽ ഒരു ചേട്ടൻ വന്നിരിക്കുമത്രേ. മൂപ്പരുടെ കയ്യിൽ ഒരു പേപ്പറുണ്ടാവും. അവർ വന്നു കഴിഞ്ഞാൽ പുള്ളി ഈ പേപ്പർ അവർക്ക് കൊടുത്തിട്ട്, ചായ കുടിക്കാൻ പൈസ ഉണ്ടാവുമോയെന്ന് ചോദിക്കും. അത് കിട്ടാനായി അയാൾ ആ 2 രൂപയുടെ പത്രവും വാങ്ങി എന്നും അവിടെ കാത്തിരിക്കും,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Talk About A Hitmaker Director In 90’s