| Friday, 12th April 2024, 8:17 am

നസീര്‍ സാറിന്റെ കസേരയില്‍ ലാലങ്കിള്‍ ഇരുന്നിട്ട് ഇനിമുതല്‍ ഇത് എന്റേതാണെന്ന് പറഞ്ഞിരുന്നു: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ മികച്ച പ്രതികരണം ലഭിച്ചുകൊണ്ട് മുന്നേറുകയാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം. 70കളുടെ പശ്ചാത്തലത്തില്‍ സിനിമാമോഹവുമായി മദിരാശിയിലേക്ക് പോകുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും വര്‍ഷങ്ങള്‍ക്കു ശേഷത്തിനുണ്ട്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ്‌നൂളിന് കൊടുത്ത അഭിമുഖത്തില്‍ സ്വാമീസ് ലോഡുജുമായി ബന്ധപ്പെട്ട് പ്രിയദര്‍ശന്‍ പറഞ്ഞ സംഭവങ്ങള്‍ വിനീത് പങ്കുവെച്ചു. 70കളില്‍ കോടമ്പാക്കത്തേക്ക് സിനിമാമോഹവുമായി എത്തുന്നവര്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നു സ്വാമീസ് ലോഡ്‌ജെന്നും മോഹന്‍ലാല്‍ തന്റെ തുടക്കത്തില്‍ സ്വാമീസ് ലോഡ്ജില്‍ പോയിരുന്നുവെന്ന് പ്രിയനങ്കിള്‍ പറഞ്ഞുവെന്നും വിനീത് പറഞ്ഞു. പ്രേം നസീര്‍ സാര്‍ ഇരുന്ന കസേരയില്‍ മോഹന്‍ലാല്‍ ഇരുന്ന് ഇനിമുതല്‍ ഈ കസേര തന്റേതാണെന്ന് പറഞ്ഞിരുന്നുവെന്നും വിനീത് പറഞ്ഞു.

‘സ്വാമീസ് ലോഡ്ജിനെപ്പറ്റി കുട്ടിക്കാലം തൊട്ടേ പല കഥകളും ഞാന്‍ കേട്ടിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ സിനിമയുടെ സെന്റര്‍ പോയിന്റ് എന്ന് പറയുന്നത് കോടമ്പാക്കമായിരുന്നു ആ സമയത്ത്. ഇന്ന് തെലുങ്ക് ഇന്‍ഡസ്ട്രിയിലുള്ള പല സീനിയേഴ്‌സിനും തമിഴ് അറിയാം. കാരണം അവരുടെയൊക്കെ തുടക്കകാലം ചെന്നൈയിലായിരുന്നു. അവരുടെയൊക്കെ കഥകള്‍ ഞാന്‍ ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട്.

ഈ സിനിമയുടെ കഥ കഴിഞ്ഞ വര്‍ഷമാണ് കംപ്ലീറ്റാക്കിയത്. അതിന് ശേഷം പ്രിയദര്‍ശന്‍ സാറിനെ കാണിച്ചിരുന്നു. അദ്ദേഹം എന്തെങ്കിലും കറക്ഷന്‍ പറയുകയാണെങ്കില്‍ നന്നാവും എന്ന ചിന്തയിലാണ് അങ്ങനെ ചെയ്തത്. സ്വാമീസ് ലോഡ്ജിനെപ്പറ്റി എഴുതിയതൊക്കെ കണ്ടപ്പോള്‍ പ്രിയനങ്കിളിന്റെയും ലാലങ്കിളിന്റെയും കുറേ അനുഭവങ്ങള്‍ എന്നോട് പറഞ്ഞു.

അവര്‍ സ്വാമീസ് ലോഡ്ജില്‍ കുറച്ചുകാലം ഉണ്ടായിരുന്നു. പ്രേം നസീര്‍ സാറും, സത്യന്‍ മാഷുമൊക്കെ സ്വാമീസ് ലോഡ്ജില്‍ ആദ്യകാലത്ത് താമസിച്ചവരായിരുന്നു. നസീര്‍ സാര്‍ ഇരുന്ന കസേര ഇപ്പോഴും അവിടെയുണ്ട്. അതില്‍ ആരും ഇരിക്കാറില്ല. പക്ഷേ ലാലങ്കിള്‍ അതില്‍ ഇരുന്നിട്ട് പറഞ്ഞു, ഇനി ഈ കസേരയില്‍ ഞാന്‍ ഇരിക്കുമെന്ന്. അതായത് നസീര്‍ സാര്‍ ഇരുന്ന സ്ഥാനത്ത് താനാകും ഇനി എന്ന്. അന്ന് അദ്ദേഹം തമാശക്കാണ് അങ്ങനെ പറഞ്ഞത്. പക്ഷേ കാലങ്ങള്‍ക്ക് ശേഷം ആ പറഞ്ഞത് സത്യമായി. ഇതൊക്കെ പ്രിയനങ്കിള്‍ പറഞ്ഞു കേട്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan sharing the story that he heard from Priyadarshan

We use cookies to give you the best possible experience. Learn more