സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അച്ഛനും ധ്യാന്‍ ശ്രീനിവാസനുമൊപ്പമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍. ഹോസ്റ്റലില്‍ ചേര്‍ക്കുന്ന സമയത്ത് അച്ഛന്‍ നല്‍കിയ ഉപദേശത്തെ പറ്റിയും ധ്യാന്‍ എഴുതിയ കത്തിനെ കുറിച്ചും ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.
‘ഹോസ്റ്റലിലേക്ക് ചേര്‍ത്തപ്പോള്‍ നീ ഒരു യുദ്ധത്തിനാണ് ഇറങ്ങിപുറപ്പെടുന്നത്, യുദ്ധം ചെയ്യുന്നതിന് മുമ്പ് അടിയറവ് പറയരുതെന്ന് അച്ഛന്‍ പറഞ്ഞു. യുദ്ധം കണ്ടുനില്‍ക്കുന്നവര്‍ക്ക് അങ്ങനെ പലതും പറയാമെന്ന് ഞാന്‍ പറഞ്ഞു. ആ ടൈമിലൊക്കെ ഞാന്‍ കട്ടക്കലിപ്പിലായിരുന്നു.
ചെന്നൈയില്‍ പോയിട്ട് എനിക്കാണെങ്കില്‍ ഭാഷയും അറിയില്ല. പുതിയ സ്ഥലം, ഒട്ടും പരിചയമില്ലാത്ത ആളുകള്‍, ഡോര്‍മിറ്ററി, എനിക്ക് ഒട്ടും പരിചയമില്ലാത്ത ശീലങ്ങള്‍, വൃത്തിയില്ലാത്ത ബാത്ത്‌റൂമുകള്‍, ലോക്കില്ല, കുളിച്ചോണ്ടിരിക്കുമ്പോള്‍ തന്നെ വേറെ ഒരുത്തന്‍ കേറി വരും, അങ്ങനെ പുകഞ്ഞ് നില്‍ക്കുമ്പോഴാണ് നീ യുദ്ധത്തിനാണ് പോകുന്നതെന്ന് അച്ഛന്‍ പറയുന്നത്.
അന്ന് ധ്യാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. അന്ന് അവന്‍ എനിക്ക് ഒരു ലെറ്റര്‍ എഴുതിയിട്ടുണ്ട്. അവന്‍ ലൈഫില്‍ ഒരു തവണയെ ലെറ്റര്‍ എഴുതിയിട്ടുള്ളൂ. അവന്‍ എന്നെ മിസ് ചെയ്യുന്നുണ്ടെന്ന് ആ ലെറ്റര്‍ വായിച്ചിട്ട് എനിക്ക് മനസിലായി. അങ്ങനെയൊരു വികാരം അതിന് മുമ്പോ അതിന് ശേഷമോ അവന്‍ പ്രകടിപ്പിച്ചിട്ടേയില്ല. സിനിമയെ കുറിച്ചുള്ള അപ്രിസിയേഷനൊന്നും ഞങ്ങള്‍ തമ്മിലില്ല,’ വിനീത് പറഞ്ഞു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങുന്ന തങ്കമാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന വിനീതിന്റെ ചിത്രം. സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് തങ്കം. ജനുവരി 26ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
Content Highlight: vineeth sreenivasan shares his childhood memories with sreenivasan and dhyan